ക്വിസ് ക്ലബ്ബുകൾ കോളേജുകളുടെ പഠന നിലവാരം ഉയർത്തും: ആദിത്യ ഉദയകുമാർ


പട്ടിക്കാട്. വിദ്യാർത്ഥികൾ അവരറിയാതെ അറിവു നേടുന്ന മാർഗ്ഗമാണ് ക്വിസ് മത്സരങ്ങൾ. അതുകൊണ്ട് ക്വിസ് ക്ലബ്ബുകൾ വിദ്യാർത്ഥികളുടെയും അതുവഴി കോളേജിന്റെയും നിലവാരമുയർത്തുമെന്ന് പ്രശസ്ത ക്വിസ് മാസ്റ്റർ ആദിത്യ ഉദയകുമാർ പറഞ്ഞു. തൃശൂർ വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ക്വിസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആദിത്യ. 2021 ൽ നാഗാലാന്റിലെ കൊഹിമയിൽ വെച്ച് നടന്ന ഇന്റർനാഷണൽ ട്രാവൽ മാർട്ടിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സ്വന്തം അനുഭവങ്ങൾ അവർ പങ്കുവെച്ചു. സിവിൽ സർവ്വീസിൽ ഉയർന്ന റാങ്ക് വാങ്ങിക്കുന്നവരിൽ ഭൂരിഭാഗം പേരും ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവരാണെന്ന് അവർ കൂട്ടിച്ചേർത്തു. ക്ലാസ് റൂം പഠനത്തിന് പകരമായി ക്വിസ് ക്ലബ്ബുകളിലൂടെയുള്ള അറിവ് വിദ്യാർത്ഥികൾക്ക് പഠന താൽപ്പര്യം കൂട്ടുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കോളേജ് പ്രിൻസിപ്പാൾ ഡോ. എ. സുരേന്ദ്രൻ പറഞ്ഞു. ക്വിസ് ക്ലബ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് ആദിത്യ ഉദയകുമാറിന്റെയും എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി ഹരിയുടേയും നേതൃത്വത്തിൽ 'വിഷ്യൽ  ക്രിട്ടിക്കൽ തിങ്കിങ്ങ് ക്വിസ്' മത്സരവും നടന്നു.  കൂടാതെ 'ട്രഷർ ഹണ്ടും' സംഘടിപ്പിച്ചിരുന്നു. വിജയികൾക്ക് ക്യാഷ് െ്രെപസും സർട്ടിഫിക്കറ്റുകളും വിതരണം നടത്തി. ആദിത്യ ഉദയകുമാറിന് കോളേജിന്റെ മെമന്റോ പ്രിൻസിപ്പാൾ സമ്മാനിച്ചു. തുടർന്ന് കോളേജ് ക്വിസ് ക്ലബ്ബ് വിദ്യാർത്ഥികളുടെ സാമൂഹ്യ തിന്മകൾകെതിരേയുള്ള പ്രമേയം ആസ്പദമാക്കിയുള്ള 'മൈം' പ്രകടനം ഉണ്ടായിരുന്നു. ചടങ്ങിൽ  പ്രോഗ്രാം കൺവീനറും അസി. പ്രൊഫസറുമായ ദിൽജ ഡേവിസ് സ്വാഗതവും കോളേജ് വൈസ് പ്രിൻസിപ്പാൾ നീതു കെ.ആർ, പി.ആർ. ഓ. പ്രസാദ് കെ.വി. തുടങ്ങിയവർ ആശംസകളും, അസി.പ്രൊഫ. ലിയ മത്തായി നന്ദിയും പറഞ്ഞു.


Post a Comment

0 Comments