കാർ യാത്രക്കാരെ മർദിച്ച പീച്ചിഡാം റൂട്ടിലെ സ്വകാര്യ ബസ് തൊഴിലാളികൾ റിമാൻഡിൽ


പട്ടിക്കാട്. ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാർ യാത്രക്കാരെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത സ്വകാര്യ ബസ് ജീവനക്കാരെ പീച്ചി പോലീസ് പിടികൂടി. കണ്ണാറ സ്വദേശികളായ മാരായ്ക്കൽ മാവുങ്കൽ വീട്ടിൽ പൊന്നപ്പൻ മകൻ സുധീഷ് (30), കോനിക്കര വീട്ടിൽ വേണു മകൻ വിനീത് (26) എന്നിവരെയാണ് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇരുവരെയും റിമാൻഡ് ചെയ്തു. തൃശൂർ പീച്ചിഡാം റൂട്ടിൽ ഓടുന്ന കാഞ്ഞിരത്തിങ്കൽ ബസിലെ ജീവനക്കാരാണ് ഇരുവരും. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പീച്ചിഡാം സന്ദർശിച്ച് മടങ്ങിവരികയായിരുന്നു കൂട്ടാല സ്വദേശികളായ കുടുംബാംഗങ്ങൾ. യാത്രക്കിടെ ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പീച്ചി റോഡ് ജങ്ഷനിൽ വെച്ച് ബസ് കാറിന് കുറുകെ നിറുത്തി ഡ്രൈവറും കണ്ടക്ടറും ചേർന്ന് കാർ യാത്രക്കാരെ വാഹനത്തിൽ നിന്നും വലിച്ചിറക്കി മർദിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന പ്രായമായ സ്ത്രീയെ അസഭ്യം പറയുകയും ഷാൾ പിടിച്ച് വലിക്കുകയും ചെയതു. ഇവരുടെ കൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ കൂടാതെ മകളും മരുമകനും വാഹനത്തിൽ ഉണ്ടായിരുന്നു. മരുമകനും മർദനത്തിൽ പരിക്കേറ്റിട്ടുണ്ട്. തുടർന്ന് കാർ യാത്രക്കാർ പീച്ചി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പീച്ചി ബസ് സ്റ്റാന്റിൽ നിന്നും  പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. പ്രതികളെക്കുറിച്ച് സമാന രീതിയിൽ നിരവധി പരാതികൾ നിലവിൽ ഉള്ളതായി നാട്ടുകാർ പറഞ്ഞു. എഎസ്‌ഐ പ്രിയ, പോലീസ് ഉദ്യോഗസ്ഥരായ കിരൺ, വിഷ്ണു കെ.എസ്, വിഷ്ണു, ഹോം ഗാർഡ് വിനോദ് എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.




Post a Comment

0 Comments