പീച്ചി. പട്ടിലുംകുഴിയിലെ ഫുട്‌ബോൾ പ്രേമികൾക്ക് ഇനി സ്വന്തം കോർട്ടിൽ കളിക്കാം. പ്രദേശത്തെ ചെറുപ്പക്കാരുടെ സ്വപ്‌ന സാക്ഷാത്കാരമാണ് 20 സെന്റ് സ്ഥലത്ത് നിർമ്മാണം പൂർത്തിയായ ടർഫ് ഫുട്‌ബോൾ കോർട്ട്. പട്ടിലുംകുഴി, പീച്ചി, മൈലാട്ടുംപാറ, കട്ടച്ചിറക്കുന്ന് പ്രദേശങ്ങളിലെ ചെറുപ്പക്കാരുടെ കലാകായിക ഉന്നമനത്തിനായി രൂപം കൊടുത്ത പട്ടിലുംകുഴി ആർട്ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഫുട്‌ബോൾ കോർട്ടിന്റെ പണികൾ പൂർത്തീകരിച്ചത്. പ്രദേശത്തെ ചെറുപ്പക്കാരുടെ കായിക പ്രേമവും ടർഫ് കോർട്ടുകളിൽ കളിക്കണമെന്ന അതിയായ മോഹവും മനസിലാക്കിയ അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, അന്നത്തെ പഞ്ചായത്ത് മെമ്പറായിരുന്ന കെ.പി.എൽദോസ്, ജേക്കബ് പയ്യപ്പിള്ളി, മുൻ ഡെപ്യൂട്ടി കളക്ടർ ഗംഗാധരൻ മാസ്റ്റർ, വിൽസൺ പയ്യപ്പിള്ളി, ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് ക്ലബ് രൂപീകരിച്ചത്. തുടർന്ന് ടർഫ് ഫുട്‌ബോൾ കോർട്ട് എന്ന സ്വപ്‌നം പൂർത്തീകരിക്കുന്നതിന്റെ തയ്യാറെടുപ്പിലായിരുന്നു ഇവർ. 100 പേർക്ക് 1000 രൂപ വീതമുള്ള മെമ്പർഷിപ്പ് നൽകിയായിരുന്നു തുടക്കം. പ്രദേശവാസികളായ മത്തായി, റെനിൽ, കുഞ്ഞയ്യപ്പൻ തുടങ്ങിയവർ നൽകിയ സ്ഥലത്ത് ജനകീയ പങ്കാളിത്തത്തോടെയാണ് കോർട്ടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. തുടക്കം മുതൽ എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും പ്രദേശത്തെ ചെറുപ്പക്കാർ മുന്നിട്ടിറങ്ങി. ആദ്യഘട്ട കോൺക്രീറ്റ് പണികൾ മുതൽ എല്ലാ പ്രവർത്തനങ്ങൾക്കും അഡ്വ. ഷാജി കോടങ്കണ്ടത്ത് അവർക്കൊപ്പം അവരിൽ ഒരാളായും കൂടെ നിന്നു. 40 ലക്ഷത്തോളം രൂപ ചിലവിട്ടാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. 31 മീറ്റർ നീളവും 20 മീറ്റർ വീതിയുമാണ് കോർട്ടിനുള്ളത്. ചരിവുള്ള സ്ഥലമായതിനാൽ 13 അടി കോൺക്രീറ്റ് മതിൽ കെട്ടി ഉയർത്തിയിട്ടുണ്ട്. നാട്ടുകാരുടെയും അഭ്യുദയകാംഷികളുടെയും സഹായത്തോടെയാണ് ഇതുവരെയുള്ള പണികൾ പൂർത്തിയായതെന്ന് ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. പണം കണ്ടെത്താനായി ബിരിയാണി, പായസം ചലഞ്ചുകൾ, കൂപ്പൺ വിതരണം തുടങ്ങിയ പരിപാടികൾ നടത്തിയതായും അദ്ദേഹം പറഞ്ഞു. നാട്ടുകാർക്ക് കോർട്ട് സൗജന്യമാണ്. കോർട്ടിന്റെ ഭാഗമായി ശൗചാലയവും വസ്ത്രം മാറുന്ന മുറിയും, കോഫി ഷോപ്പും ഉണ്ട്. ഇതിനോട് ചേർന്ന് ലൈബ്രറിയും ഉടൻ തുറക്കും.


0 Comments