തമ്പുരാട്ടിപ്പടിയിലെ മണ്ണിടിച്ചിൽ: വനമേഖലയിലെ പഴയ ചാൽ പുനർനിർമ്മിക്കണം


പട്ടിക്കാട്. ദേശീയപാത തമ്പുരാട്ടിപ്പടിയിൽ സർവ്വീസ് റോഡ് നിർമ്മാണം നടക്കുന്ന ഭാഗത്ത് മണ്ണിടിച്ചിൽ തടയുന്നതിനായി വനത്തിനുള്ളിലൂടെ ഉണ്ടായിരുന്ന ചാൽ പുനർനിർമ്മിക്കണമെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. എം.ദാമോദരൻ ആവശ്യ പ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്കും, സ്ഥലം എംഎൽഎയും റവന്യൂ വകുപ്പ് മന്ത്രിയുമായ കെ.രാജനും, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രനും നിവേദനം നൽകിയതായും അദ്ദേഹം പറഞ്ഞു. പഴയ ദേശീയപാതയുടെ നിർമ്മാണ സമയത്ത് വനത്തിനുള്ളിലൂടെ പടിഞ്ഞാറ് ഭാഗത്ത് നിന്നും കിഴക്കോട്ട് ചാൽ നിർമ്മിച്ചിരുന്നു. മല വെള്ളം ഇതിലൂടെ ഒഴുകിപ്പോയിരുന്നതിനാൽ പ്രദേശത്ത് ഒരിക്കൽ പോലും മണ്ണിടിച്ചിൽ ഉണ്ടായിട്ടില്ല. എന്നാൽ
 

നിലവിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പാറപൊട്ടിക്കൽ പൂർത്തിയായെങ്കിലും പ്രദേശത്ത് മണ്ണിടിച്ചിൽ രൂക്ഷമാവുകയായിരുന്നു. ഇതോടെ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെച്ചു. ഈ സാഹചര്യത്തിലാണ് പഴയ ചാൽ വനത്തിനുള്ളിലൂടെ പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് സി. എം.ദാമോദരൻ നിവേദനം നൽകിയത്. ചാൽ പുനർനിർമ്മിച്ചെങ്കിൽ മാത്രമേ മണ്ണിടിച്ചിലിന് പരിഹാരമാകൂ എന്നും ദേശീയപാതയിലൂടെ കടന്നു പോകുന്ന യാത്രക്കാരുടെ ജീവനും സ്വത്തും സുരക്ഷിതമാകൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്ഥലം വിട്ടുകിട്ടിയില്ലെങ്കിലും ഫണ്ട് വനംവകുപ്പിന് കൈമാറിയാൽ വനഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ വനം വകുപ്പിന് അധികാരമുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്രകാരം കുളങ്ങളും ചെക്ക് ഡാമുകളും നിർമ്മിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. പ്രദേശവാസികളുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ സമരപരിപാടികൾക്കൊടുവിലാണ് തമ്പുരാട്ടിപ്പടിയിൽ സർവ്വീസ് റോഡിന് അനുമതിയായതെന്നും അദ്ദേഹം പറഞ്ഞു.




Post a Comment

0 Comments