നിന്നുകുഴിയിലെ രണ്ട് പന്നി ഫാമുകൾ അടച്ചുപൂട്ടി


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ നിന്നു കുഴിയിൽ അനധികൃതമായി പ്രവർത്തിച്ചുവന്നിരുന്ന രണ്ട് പന്നി ഫാമുകൾ ആരോഗ്യവകുപ്പ് അധികൃതർ അടപ്പിച്ചു. വിയ്യൂർ പെരിങ്ങണ്ടുകാരൻ ബാലകൃഷ്ണൻ, തൊട്ടിപ്പാൾ പുളിക്കൽ സുരേന്ദ്രൻ എന്നിവരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഫാമുകളാണ് അടച്ചുപൂട്ടിയത്. ബാലകൃഷ്ണനെ തീകൊളുത്തി വധിച്ച കേസിൽ പ്രതിയാണ് സുരേന്ദ്രൻ. ഫാമിൽ ഉണ്ടായിരുന്ന പന്നികളെ ഉടമകൾ തന്നെ നീക്കം ചെയ്തിരുന്നു. നിന്നുകുഴിയിൽ മറ്റു ചില പന്നി ഫാമുകൾ കൂടി അനധികൃതമായി പ്രവർത്തിക്കുന്നുണ്ട്. ഈ ഫാം ഉടമകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. 


നിയമാനുസൃതമായ മാനദണ്ഡങ്ങൾ അനുസരിച്ചാണോ ഇവ പ്രവർത്തിക്കുന്നത് എന്ന് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ നടക്കുന്ന ഫാമുകളുടെ പ്രവർത്തനം മൂലം പ്രദേശത്തെ ജനങ്ങൾ രൂക്ഷമായ മാലിന്യ പ്രശ്‌നങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ പ്രവർത്തിക്കുന്ന ഏഴോളം ഫാമുകളിൽ ഒന്നിനും ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിരുന്നു. അനധികൃത ഫാമുകൾക്ക് എതിരെ പഞ്ചായത്ത് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ആരോഗ്യവകുപ്പ് ഫാമുകൾ അടച്ചു പൂട്ടാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്.


Post a Comment

0 Comments