വാണിയമ്പാറയിൽ മാലിന്യം തള്ളിയവരെ പീച്ചി പോലീസ് പിടികൂടി


വാണിയമ്പാറ. മഞ്ഞവാരി  റോഡിനോട് ചേർന്ന് വാണിയമ്പാറ എസ്‌റ്റേറ്റിന്റെ റബ്ബർ തോട്ടത്തിൽ മാലിന്യം തള്ളിയവരെ പീച്ചി പോലീസ് പിടികൂടി. വാഹനത്തിൽ മാലിന്യം കൊണ്ടുവന്നു തള്ളിയ തൃശ്ശൂർ ചിയ്യാരം സ്വദേശി വൈശാഖ് (26), നെടുപുഴ സ്വദേശി ആകാശ് (28)എന്നിവരെയാണ് അന്വേഷണം നടത്തിയ പീച്ചി എസ്.എച്ച്.ഒ കെ.സി.ബൈജു, എസ്.ഐ ഷാജു, സിവിൽ പോലീസ് ഓഫീസർ മഹേഷ്  എന്നിവർ ചേർന്ന് പിടികൂടിയത്. ഇവർക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടു. വാണിയമ്പാറ എസ്‌റ്റേറ്റ് മാനേജർ കെ.പി.രാജേന്ദ്രൻ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. വടക്കുഞ്ചേരിയിലെ പന്നി ഫാമിലേക്ക് കുരിയച്ചിറയിൽ നിന്ന് കൊണ്ടുപോയിരുന്ന വേസ്റ്റിനൊപ്പം ഉണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണവശിഷ്ടങ്ങളും ആണ് 15 ചാക്കുകളിലായി വാണിയമ്പാറ സ്‌കൂളിന് പിന്നിൽ എസ്‌റ്റേറ്റിൽ ഏഴോളം ഇടങ്ങളിൽ തള്ളിയിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ രമേഷ്, വാർഡ് മെമ്പർ ഷീല അലക്‌സ്, വാണിയമ്പാറ എസ്‌റ്റേറ്റ് മാനേജർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യങ്ങളിൽ നിന്ന് കണ്ടെത്തിയ വിസിറ്റിംഗ് കാർഡ്, കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ബില്ല് എന്നിവ കണ്ടെത്തി പോലീസിനെ ഏൽപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തള്ളിയത് ആരാണെന്ന് പോലീസ് കണ്ടെത്തിയത്.  കുറ്റക്കാരെ സ്ഥലത്ത് വിളിച്ചുവരുത്തി കേസെടുത്തു. ഇവരുടെ വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മാലിന്യം തള്ളിയതിന് പാണഞ്ചേരി പഞ്ചായത്തും ഇവർക്ക് പിഴ ചുമത്തും.



Post a Comment

0 Comments