പാണഞ്ചേരിയിൽ ദേശീയപാതയോരത്ത് സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നു


പട്ടിക്കാട്. പാണഞ്ചേരിയിൽ ദേശീയപാതയോരത്ത് സർവ്വീസ് റോഡിനോട് ചേർന്ന് സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നു. സർവ്വീസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതോടെ നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരുമാണ് ഇതുവഴി കടന്നു പോകുന്നത്. രാസവസ്തുക്കൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ തള്ളിയിരിക്കുന്നത്. ഇത് സർവ്വീസ് റോഡിന് അരികിലൂടെ കടന്നുപോകുന്ന തോട്ടിലേക്കാണ് എത്തിച്ചേരുക. അവ സമീപത്തെ കൃഷിയിടത്തിലേക്കും ജനവാസ മേഖലയിലേക്കും എത്തിച്ചേരാൻ സാധ്യതയുള്ളതിനാൽ ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. മാത്രമല്ല പ്രദേശത്തെ ജലസ്രോതസുകളും ഇതുമൂലം മലിനമാകും. രാത്രി സമയത്ത് തൃശൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളാണ് ഏറെയും ഈ ഭാഗത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നത്. സർവ്വീസ് റോഡിന്റെ ഓരത്ത് ഉടനീളം ഇത്തരത്തിൽ മാലിന്യങ്ങൾ തള്ളുന്നുണ്ട്. ഇതിനെതിരെ പഞ്ചായത്ത് അധികൃതർ സാധ്യമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിടികൂടാൻ പരിസരത്ത് ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും ഇവർക്കെതിരെ  ആരോഗ്യവകുപ്പും പോലീസും നടപടി എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments