പട്ടിക്കാട്. വാണിയമ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ മിക്ക ദിവസങ്ങളിലും ഈവനിംഗ് ഒ.പി പ്രവർത്തിക്കുന്നില്ലെന്ന പരാതി വ്യാപകമാവുകയാണ്. ഏറെ കൊട്ടിഘോഷിച്ച ആരംഭിച്ച ഈ സൗകര്യം കൊണ്ട് പ്രദേശത്തെ ജനങ്ങൾക്ക് ഒരു പ്രയോജനവുമില്ലാത്ത സ്ഥിതിയാണ്. മാസത്തിൽ പകുതിയിലേറെ ദിവസങ്ങളിലും ഈവനിംഗ് ഒ.പിയിൽ ഡോക്ടറില്ല. 'ഇന്ന് ഈവനിംഗ് ഒ.പി ഉണ്ടായിരിക്കുന്നതല്ല' എന്നെഴുതിയ കടലാസ് നോട്ടീസ് ബോർഡിൽ പതിക്കുന്നത് മാത്രമാണ് ഇപ്പോൾ മുടങ്ങാതെ നടക്കുന്നത്. ഇത് ചോദിക്കാനും പറയാനും ആളില്ലെന്നും ഉത്തരവാദപ്പെട്ടവർ ആരും തിരിഞ്ഞു നോക്കുന്നില്ലെന്നുമുള്ള പരാതിയാണ് ജനങ്ങൾക്ക്. പല തവണ പഞ്ചായത്ത് മെമ്പറുൾപ്പെടെയുള്ള അധികൃതരെ പരാതി അറിയിച്ചിട്ടും തങ്ങൾക്ക് തോന്നും പോലെയാണ് അവർ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നും ജനങ്ങൾ ആരോപിക്കുന്നു. ഈവനിംഗ് ഒ.പി രണ്ടു മണി മുതൽ ആറുമണി വരെയാണ്. പല ദിവസങ്ങളിലും ഇത് ഉണ്ടാകില്ലെന്ന് മാത്രമല്ല, ഉള്ള ദിവസങ്ങളിൽ തന്നെ പലപ്പോഴും നാലുമണി ആകുമ്പോഴേയ്ക്കും ഒ.പി അവസാനിപ്പിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു. രാവിലത്തെ ഒ.പിയിൽ രണ്ട് ഡോക്ടർമാരും അനുബന്ധ സ്റ്റാഫുകളുമാണ് ഉള്ളത്. ഈവനിംഗ് ഒ.പിയിൽ ഒരു ഡോക്ടറെയും നഴ്‌സിനെയും
ഫാർമസിസ്റ്റിനെയും പഞ്ചായത്ത് നിയമിച്ചുണ്ട്. ഇത് പ്രദേശത്തെ ജനങ്ങൾക്കു വേണ്ടിയാണെങ്കിൽ അത് മുടങ്ങാതെ പ്രവർത്തിപ്പിക്കാനുള്ള ആർജ്ജവം അധികാരികൾ കാണിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. രാവിലെ ഡോക്ടർ അവധിയാണെങ്കിൽ ഈവനിംഗ് ഒ.പി യിലെ ഡോക്ടറെ ചുമതലപ്പെടുത്തുന്ന ഒരു ധാരണ ഇവിടെ ഉണ്ടെന്നാണ് ആക്ഷേപം. ഇതും ഈവനിംഗ് ഒ.പി മുടങ്ങാൻ കാരണമാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ചില ദിവസങ്ങളിൽ ഈവനിംഗ് ഒ.പിയിൽ രോഗികൾ എത്തുന്നത് കുറവാണ് എന്ന സാങ്കേതികത്വം പറയാമെങ്കിലും പതിവായി ഒ.പി മുടക്കുന്നത് ന്യായീകരിക്കാനാവില്ല. ഡോക്ടർ ഉണ്ടാകില്ല എന്ന പ്രതീതിയുണ്ടാക്കി ഈവനിംഗ് ഒ.പി തന്നെ നിർത്തലാക്കാനുള്ള ദുരുദ്ദേശ്യമാണോ ഇതിന് പിന്നിലെന്ന് സംശയിക്കുന്നവരുമുണ്ട്. വാങ്ങുന്ന ശമ്പളത്തിന് ഏൽപ്പിച്ച ജോലി ചെയ്യണ്ടേ എന്നാണ് ജനങ്ങളുടെ ചോദ്യം. പട്ടിക്കാടും വാണിയമ്പാറയിലും ഉള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതോടെയാണ് ഇവിടങ്ങളിൽ ഈവനിംഗ് ഒ.പി കൂടി ആരംഭിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്. ഇതിനായി പ്രതിമാസം ലക്ഷക്കണക്കിന് രൂപയാണ് ശമ്പളയിനത്തിൽ പഞ്ചായത്ത് ചെലവഴിക്കുന്നത്. എന്നാൽ ഇത്രയും വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് നടപ്പിലാക്കുന്ന ഒരു പദ്ധതി നേരെ ചൊവ്വേ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പോലും അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ജനങ്ങൾക്കുണ്ട്. ഇവിടെയും ഒരു ഹോസ്പിറ്റൽ മാനേജ്‌മെൻറ് കമ്മിറ്റി പ്രവർത്തിക്കുന്നുണ്ടെന്നാണ് അറിയുന്നത്. കുതിരാന് കിഴക്കുള്ള ജനങ്ങൾ കൂടുതലായും ആശ്രയിക്കുന്നത് വാണിയമ്പാറ കുടുംബാരോഗ്യ കേന്ദ്രത്തെയാണ്. ഏറെയും ടാപ്പിംഗ് തൊഴിലാളികൾ ഉൾപ്പെടുന്ന വളരെ സാധാരണക്കാരായ ജനവിഭാഗമാണ് വാണിയമ്പാറ മേഖലയിലുള്ളത്. രാവിലെ ടാപ്പിംഗിന് പോകുന്നവർ ഉച്ചയോടെയാണ് വീട്ടിൽ തിരികെ എത്തുക. വീട്ടിലുള്ള ആർക്കെങ്കിലും എന്തെങ്കിലും അസുഖങ്ങളുണ്ടെങ്കിൽ ഉച്ച കഴിഞ്ഞേ ഡോകടറെ കാണാൻ കഴിയൂ. ഈവനിംഗ് ഒ.പി അതുകൊണ്ട് ഇവിടത്തുകാർക്ക് വളരെ പ്രയോജനപ്രദമായിരുന്നു. എന്നാൽ ഡോക്ടർ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ലാത്തതു കൊണ്ട് ചികിത്സ തേടി എത്താനും കഴിയാത്ത സ്ഥിതിയാണ്. പാണഞ്ചേരിയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാർക്കും മറ്റ് സ്റ്റാഫുകൾക്കും തടസ്സം കൂടാതെ ജോലി ചെയ്യാനുള്ള സൗകര്യം അധികൃതർ ഉറപ്പുവരുത്തണം എന്നത് ന്യായമായ ആവശ്യമാണ്.


.jpeg)
0 Comments