തടസ്സങ്ങൾ പരിഹരിച്ച് സീഡ് ഫാമിന്റെ ഭൂമിയിൽ കൃഷിയിറക്കും: കെ.വി.സജു


പട്ടിക്കാട്. സ്‌റ്റേറ്റ് സീഡ് ഫാമിന്റെ കീഴിലുള്ള പാണഞ്ചേരിയിലെ പാടശേഖരത്തിൽ കൃഷി ഇറക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം കെ.വി.സജു പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർക്കൊപ്പം പാണഞ്ചേരിയിൽ ഫാമിന്റെ കീഴിലുള്ള തരിശായി കിടക്കുന്ന കൃഷിഭൂമി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കൃഷിക്ക് തടസ്സമായിരുന്ന പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്നും കെ.വി സജു വ്യക്തമാക്കി. കുറച്ചു വർഷങ്ങളായി ജില്ലാ 


പഞ്ചായത്തിന്റെ കീഴിലുള്ള സ്‌റ്റേറ്റ് സീഡ് ഫാമിന്റെ ഉടമസ്ഥതയിൽ പാണഞ്ചേരിയിലുള്ള അഞ്ചര ഏക്കറോളം ഭൂമിയിൽ കൃഷി ചെയ്തിരുന്നില്ല. ദേശീയപാതയുടെ നിർമ്മാണം നടന്നപ്പോൾ ദേശീയപാതയോരത്തെ ചാലുകൾ അടച്ചത് മൂലം വെള്ളക്കെട്ട് ഉണ്ടായതാണ്  കൃഷി ചെയ്യാത്തതിന് കാരണമായി അധികൃതർ പറഞ്ഞിരുന്ന ന്യായം. വെള്ളക്കെട്ട് ഇല്ലാത്ത ഭാഗത്ത് കൃഷി നടത്തണമെന്നും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കാലങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്ന കാര്യമാണ്. വിദഗ്ധരായ തൊഴിലാളികളും മറ്റ് സംവിധാനങ്ങളും ഉണ്ടായിട്ടും കൃഷി നടക്കാത്തതിനെ ചൊല്ലി ഒട്ടേറെ ആരോപണങ്ങളും സീഡ് ഫാമിനെതിരെ  ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്‌നങ്ങൾ പരിഹരിച്ച് കൃഷിയിറക്കാൻ  വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ 21 ന് പാണഞ്ചേരി പഞ്ചായത്തിൽ പ്രസിഡന്റ് പി.പി.രവീന്ദ്രന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി.സജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയകുമാർ ആദംകാവിൽ, ആരിഫ റാഫി, രേഷ്മ സജീഷ്, ഫാം സൂപ്രണ്ട് റാണി, കൃഷി വകുപ്പ് അസി.എഞ്ചിനീയർ മഞ്ജു എന്നിവർ യോഗത്തിൽ പങ്കെടുത്തു.



Post a Comment

0 Comments