പീച്ചി. തെക്കുംപാടം, മഞ്ഞക്കുന്ന്, പീച്ചി മേഖലകളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ജനവാസ മേഖലയിലിറങ്ങിയ മൂന്ന് കാട്ടാനകൾ നാശം വിതച്ചത്. പാലോട്ടിൽ കുന്നത്ത് രാജൻ, ചെറുകുളത്ത് വീട്ടിൽ മാണിക്യൻ എന്നിവരുടെ പറമ്പിലാണ് കൂടുതൽ നാശമുണ്ടായത്. തെങ്ങ്, കവുങ്ങ്, വാഴ എന്നിവ പൂർണമായും തകർത്തു. വിവരമറിയിച്ചതിനെ തുടർന്ന്
വാച്ചർമ്മാരായ, ജിബി, ആന്റോ എന്നിവർ സ്ഥലത്തെത്തി മൂന്ന് മണിക്കൂറോളം നീണ്ട ശ്രമകരമായ ബദ്ധപ്പാടിനൊടുവിലാണ് ആനയെ തിരികെ കാട്ടിലേക്ക് കയറ്റി വിടാൻ കഴിഞ്ഞത്. സ്ഥലത്തെത്തിയ ഡെപ്യൂട്ടി റെയിഞ്ചർ ടി.കെ ലോഹിദാക്ഷൻ വാച്ചർമാരെ അഭിനന്ദിച്ചു. കൃഷി നാശം മൂലമുണ്ടായ നഷ്ടം കണക്കാക്കി റിപ്പോർട്ട് നൽകുമെന്നും പറഞ്ഞു. പാണഞ്ചേരിയുടെ മലയോര മേഖലകളിൽ കാട്ടാന ഇറങ്ങി കൃഷിനാശം ഇപ്പോൾ പതിവാണ്. കാട്ടാനയെ പ്രതിരോധിക്കാനുള്ള യാതൊരുവിധ പ്രവർത്തനങ്ങളും ഇപ്പോൾ നടക്കുന്നില്ല. വന്യമൃഗങ്ങൾ മൂലം ഉണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരമായി ഒരു രൂപ പോലും തങ്ങൾക്ക് ലഭിക്കുന്നില്ല എന്ന് കർഷകർ പറയുന്നു. ജനവാസ മേഖലകളിലേക്ക് ഇറങ്ങിവരുന്ന കാട്ടാനകൾ കൃഷിക്ക് മാത്രമല്ല ജീവനും ഭീഷണിയായി മാറുകയാണ്. വൈദ്യുതി വേലികൾ പുനരുദ്ധരിക്കാത്തതിലും ഫലപ്രദമായ മറ്റു മാർഗ്ഗങ്ങൾ സർക്കാരോ, വനം വകുപ്പോ നടപ്പിലാക്കാത്തതിലും ജനങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്.



0 Comments