കളക്ടർ ഇടപെട്ടു: പയ്യനം ആദിവാസി കോളനി നിവാസികൾക്ക് ഇനി കുടിവെള്ളം ലഭിക്കും

തഹസിൽദാരും പഞ്ചായത്ത് പ്രസിഡണ്ടും ചേർന്ന് പ്രദേശത്ത് മോട്ടോർ സ്ഥാപിക്കാനായി എത്തിയപ്പോൾ.

പട്ടിക്കാട്: കഴിഞ്ഞ മൂന്ന് മാസമായി കുടിവെള്ള വിതരണം മുടങ്ങിയ പയ്യനം ആദിവാസി കോളനി നിവാസികൾക്ക് ഇനി കുടിവെള്ളം ലഭിക്കും. മോട്ടോർ തകരാറിലായതിനെ തുടർന്നാണ് പ്രദേശത്തെ ജലവിതരണം നിലച്ചത്. ഇതെതുടർന്ന് മാറ്റി സ്ഥാപിക്കാൻ പഞ്ചായത്ത് പുതിയ മോട്ടോർ എത്തിച്ചെങ്കിലും സ്ഥലം ഉടമ ഇവിടം വേലികെട്ടി മറക്കുകയായിരുന്നു. 20 വർഷമായി കോളനി നിവാസികൾ ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. 20 വർഷം മുൻപ് കിണറും മോട്ടോർ ഷെഡും സ്ഥാപിക്കുന്നതിനായി ഇതേ ഉടമ തന്നെയാണ് സ്ഥലം വിട്ടു നൽകിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർ നിരവധി തവണ സ്ഥലം ഉടമയെ ചർച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും ഇയാൾ എത്തിയിരുന്നില്ല. തുടർന്നാണ് വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ബുധനാഴ്ച കലക്ടറേറ്റിൽ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ മോട്ടോർ സ്ഥാപിക്കാൻ അനുവദിക്കണമെന്നും കുടിവെള്ളം മുടക്കാൻ പാടില്ലെന്നും തൽസ്ഥിതി തുടരുവാനും സ്ഥലം ഉടമയോട്  കളക്ടർ ഹരിതാ വി. കുമാർ കർശനമായി നിർദ്ദേശിച്ചു. ഇതേ തുടർന്നാണ് സ്ഥലം ഉടമ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. തുടർന്ന് സ്ഥലത്തെത്തി മോട്ടോർ സ്ഥാപിക്കുന്ന നടപടികൾ സ്വീകരിക്കാൻ തഹസിൽദാറിനോട് കളക്ടർ നിർദ്ദേശം നൽകി. വൈകിട്ടോടെ ഭൂരേഖ തഹസിൽദാർ രാജേഷ്, പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, വില്ലേജ് ഓഫിസർ സുനിൽ, പഞ്ചായത്ത് അംഗം കെ.വി. അനിത എന്നിവർ സ്ഥലത്തെത്തിയിരുന്നു. തുടർന്ന് മോട്ടോർ സ്ഥാപിച്ച് രാത്രിയോടെ മടങ്ങി. അടുത്ത ദിവസം തന്നെ പമ്പിങ് ആരംഭിക്കും.





Post a Comment

0 Comments