പട്ടിക്കാട്. ദേശീയപാത വഴുക്കുംപാറയിൽ മേൽപ്പാതയിൽ വിള്ളലുണ്ടായ സ്ഥലം മന്ത്രി കെ. രാജൻ വെള്ളിയാഴ്ച സന്ദർശിച്ചു. പ്രദേശത്ത് പാർശ്വഭിത്തിക്കും പ്രധാന പാതയ്ക്കും വിള്ളൽ ഉണ്ടായതുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് മന്ത്രി ഹൈവേ അതോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. നിർമ്മാണത്തിൽ ഉണ്ടായ ഗുരുതരമായ വീഴ്ചയിൽ നിന്ന് ഹൈവേ അതോറിറ്റിക്ക് ഒഴിഞ്ഞു നിൽക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈവേ അതോറിറ്റിയുടെ പ്രൊജക്ട് ഡയറക്ടർ നേരിട്ട് എത്തി പരിശോധന നടത്തണം. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഉദ്യോഗസ്ഥർ, എൻജിനീയറിങ് കോളേജിലെ വിദഗ്ധർ എന്നിവരെ കൂടി ഉൾപ്പെടുത്തി പരിശോധന നടത്തി 24 മണിക്കൂറിനകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിർമ്മാണത്തിൽ അപാകത വരുത്തിയ കരാർ കമ്പനിക്ക് ഹൈവേ അതോറിറ്റി നോട്ടീസ് നൽകണമെന്നും ജനങ്ങളുടെയും റോഡിന്റെയും സുരക്ഷ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ ഹരിത വി. കുമാർ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. പി. രവീന്ദ്രൻ, വാർഡംഗങ്ങളായ കെ.പി. ചാക്കോച്ചൻ, ബിജോയ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, കരാർ കമ്പനി അധികൃതർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.


0 Comments