വഴുക്കുംപാറ മേൽപ്പാതയിലെ വിള്ളൽ: ദേശീയപാത പ്രോജക്ട് ഡയറക്ടർ സന്ദർശനം നടത്തി


പട്ടിക്കാട്. വഴുക്കുംപാറ മേൽപ്പാതയിൽ വിള്ളൽ ഉണ്ടായ സ്ഥലം ദേശീയപാത പ്രോജക്ട് ഡയറക്ടർ ബിപിൻ മധു സന്ദർശിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അദ്ദേഹം കുതിരാനിൽ എത്തിയത്. ദേശീയപാത അതോറിറ്റിയുടെ പ്രൊജക്ട് ഡയറക്ടർ നേരിട്ട് എത്തി പ്രദേശത്ത് പരിശോധന നടത്തണമെന്ന് കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച മന്ത്രി കെ.രാജൻ നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രോജക്ട് ഡയറക്ടർ സന്ദർശനം നടത്തിയത്. പ്രദേശത്ത് സർവീസ് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ദേശീയപാതയുടെ പാർശ്വഭിത്തിക്ക് വേണ്ടത്ര ചെരുവ് നൽകാൻ സാധിക്കാത്തതാണ് പാർശ്വഭിത്തി തകരുന്നതിനും ദേശീയപാതയിൽ വിള്ളൽ രൂപപ്പെടുന്നതിനും കാരണമെന്നാണ് പ്രാഥമിക നിഗമനം എന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നടത്തുമെന്നും വിള്ളൽ ഉണ്ടായ ഭാഗം കുഴിച്ച് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാർശ്വ ഭിത്തിയുടെ നിർമ്മാണത്തിലെ അപാകതയാണ് തകർച്ചയ്ക്ക് കാരണമെന്നും പ്രദേശത്ത് സർവീസ് റോഡ് അനിവാര്യമാണെന്നും നാട്ടുകാർ പറഞ്ഞു. പാർശ്വഭിത്തിയുടെ ബലക്കുറവിന്റെ പേരിൽ സർവീസ് റോഡ് മണ്ണിട്ട് മൂടാൻ തങ്ങൾ സമ്മതിക്കില്ലെന്നും നാട്ടുകാർ കൂട്ടിച്ചേർന്നു.


Post a Comment

0 Comments