ആറുവരിപാതയിൽ വിള്ളൽ രൂപപ്പെട്ടു; ദേശീയപാതയോരം അപകടഭീഷണിയിൽ.


പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ വഴുക്കുംപാറ മേൽപ്പാതയിലെ പ്രധാന പാതയിൽ വിള്ളൽ രൂപപ്പെട്ടു. പ്രദേശത്ത് ദേശീയപാതയോരം ഇടിയാൻ തുടങ്ങിയത് പ്രദേശവാസികളെ അപകടഭീതിയിലാക്കി. കുതിരാൻ തുരങ്കം കഴിഞ്ഞ് തൃശൂർ ഭാഗത്തേക്കുള്ള പ്രധാന പാതയിലാണ് രണ്ട് മീറ്റർ നീളത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. മേൽപ്പാതയുടെ കിഴക്ക്ഭാഗത്ത് കോൺക്രീറ്റ് ഭിത്തി നിർമ്മിക്കാതെ മണ്ണിട്ട് ഉയർത്തിയ ഭാഗം വിള്ളൽ വീണ് ഇടിയാനും തുടങ്ങിയിട്ടുണ്ട്.


വഴുക്കുംപാറയിലെ ഒമ്പത് മീറ്റർ ഉയരത്തിൽ പോകുന്ന മേൽപ്പാതയുടെ ഇരുഭാഗവും കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചായിരുന്നു പണികൾ ആരംഭിച്ചത്. എന്നാൽ കിഴക്കുഭാഗത്ത് കോൺക്രീറ്റ് ഭിത്തി നിർമ്മിക്കാതെയാണ് നിർമ്മാണ കമ്പനി പണികൾ പൂർത്തീകരിച്ചിട്ടുള്ളത്. ഇതിനെതിരെ പ്രദേശത്തെ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നിരവധി പരാതികളും നൽകിയിരുന്നു. എന്നാൽ എതിർപ്പുകൾ വകവെക്കാതെ പ്രധാന പാതയുടെ പണികൾ പൂർത്തിയാക്കി ഗതാഗതം ആരംഭിക്കുകയാണ് ദേശീയപാത അതോറിറ്റി ചെയ്തത്.

പ്രധാന പാതയുടെ വശങ്ങളിലുള്ള മണ്ണിന് മുകളിൽ കരിങ്കൽ പാകി കോൺക്രീറ്റിങ് നടത്തി ബലപ്പെടുത്താൻ കമ്പനി അധികൃതർ ശ്രമം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കോൺക്രീറ്റിന് അടിയിൽ നിന്ന് മണ്ണ് ഒലിച്ച് പോകുകയും കോൺക്രീറ്റ് ചെയ്ത ഭാഗത്ത് വിള്ളൽ രൂപപ്പെടുകയുമാണ് ചെയ്തിട്ടുള്ളത്.

ദേശീയപാതയുടെ വശങ്ങൾ ഇടിയാൻ തുടങ്ങിയതോടെ മേൽപ്പാതയ്ക്ക് താഴെയുള്ള വർക്ക്‌ഷോപ്പ് ജീവനക്കാരും അപകട ഭീതിയിലാണ്. നിരവധി ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. നിലവിൽ സർവ്വീസ് റോഡിന്റെ നിർമ്മാണവും ഇവിടെ നടക്കുന്നുണ്ട്. ദേശീയപാതയുടെ നിർമ്മാണത്തിലെ അപാകതയാണ് പ്രദേശത്ത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.



Post a Comment

0 Comments