വാട്ടർ അതോറിറ്റി കുടിവെള്ള പൈപ്പിലൂടെ മലിനജലം: ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഷൈജു കുര്യൻ


പീച്ചി. കേരള വാട്ടർ അതോറിറ്റിയുടെ പീച്ചിയിലെ ജലശുദ്ധീകരണ പ്ലാന്റിൽ നിന്നും വിതരണം ചെയ്യുന്ന കുടിവെളളത്തിൽ ഒരാഴ്ചയിലധികമായി ചെളിയും, മാലിന്യവും, പ്ലാസ്റ്റിക് നൂൽ, ഓയിൽ തുടങ്ങിയവയുടെ സാന്നിദ്ധ്യവും ഉള്ളതായി വാർഡ് മെമ്പർ ഷൈജു കുര്യൻ പറഞ്ഞു. 

പാണഞ്ചേരിയിലും, സമീപ പഞ്ചായത്തുകളിലും, തൃശൂർ കോർപ്പറേഷൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ഉള്ള ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് പീച്ചിയിൽ നിന്നും വിതരണം ചെയ്യുന്ന ഈ പൈപ്പ് വെള്ളത്തെയാണ്. ഇതാണ് ജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കാത്ത നിലയിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്നത്. 


എന്നാൽ നിരവധി തവണ പരാതിപ്പെട്ടിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ വാട്ടർ അതോറിറ്റി ജീവനക്കാർ തയ്യാറായില്ലെന്ന് വാർഡ് മെമ്പർ പറഞ്ഞു. മലിന ജലം കുടിപ്പിച്ച് ഒരു സമൂഹത്തെ മുഴുവൻ മാരകമായ പകർച്ചവ്യാധിയിലേക്ക് തള്ളിവിടുന്ന ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിക്കും, മനുഷ്യാവകാശ കമ്മീഷനും, ജില്ല കളക്ടർക്കും പരാതി നൽകി.

എത്രയും പെട്ടെന്ന് ശുദ്ധമായ കുടിവെളളം ലഭ്യമാക്കിയില്ലെങ്കിൽ പീച്ചിയിലെ വാട്ടർ അതോറിറ്റിയുടെ ഓഫീസുകൾ ഉപരോധിക്കുകയും, സമരപരിപാടികളുമായി മുന്നോട്ടു പോകുകയും ചെയ്യുമെന്ന് ഷൈജു കുരിയൻ പറഞ്ഞു. മെമ്പറോടൊപ്പം കുരിയാക്കോസ് ഫിലിപ്പ്, കെ.വി. ബിനു, സജി ആൻഡ്രൂസ്, ജിനീഷ് മാത്യു തുടങ്ങിയവരും ഉണ്ടായിരുന്നു.



Post a Comment

0 Comments