സീറോ ബഫർസോൺ പ്രമേയവുമായി വിലങ്ങന്നൂർ ഗ്രാമസഭ


വിലങ്ങന്നൂർ : പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് വിലങ്ങന്നൂരിന്റെ ഗ്രാമസഭ വിലങ്ങന്നൂർ ഫോറസ്റ്റ് ഓഫീസിൽ വെച്ച് നടന്നു. 2023-24 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പുകൾ തയ്യാറാക്കിയ കരട് നിർദ്ദേശങ്ങൾ ചർച്ച ചെയ്ത് അന്തിമ  തീരുമാനമാക്കുന്നതിനായാണ് ഗ്രാമസഭ യോഗം ചേർന്നതെങ്കിലും നാടിനെ ബാധിക്കുന്ന ബഫർസോൺ വിഷയത്തിൽ അടിയന്തര ചർച്ച ഗ്രാമസഭ ആവശ്യപ്പെടുകയായിരുന്നു. 

സുപ്രീം കോടതി ഉത്തരവുമായി ബന്ധപ്പെട്ട് നിലവിൽ വനം വകുപ്പ് നിശ്ചയിച്ചിരിക്കുന്ന രീതിയിൽ ബഫർ സോൺ നടപ്പിലാക്കിയാൽ അത് ജനവാസ മേഖലകളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കും. വനം വന്യജീവി നിയമപ്രകാരം ബഫർസോൺ മേഖലകളിൽ സംഭവിക്കാവുന്ന മാറ്റങ്ങളേ കുറിച്ചും, നിയന്ത്രണങ്ങളെ കുറിച്ചും വാർഡഗംവും  മുതിർന്ന മാധ്യമ പ്രവർത്തകനുമായ  ജോർജ്ജ് പൊടിപ്പാറ നൽകിയ സന്ദേശം ആളുകളുടെ ഭീതി അകറ്റുന്നതിനും നിജസ്ഥിതി ബോധ്യപ്പെടുത്തുന്നതിനും സഹായകരമായി. ഗ്രാമസഭയുടെ അജണ്ടകൾ അംഗീകരിക്കുന്നതോടൊപ്പം പാണഞ്ചേരി ഗ്രാമ പഞ്ചായത്തിനെ സീറോ ബഫർസോൺ ആയി നിജപ്പെടുത്തുവാനുള്ള നടപടികൾ ബന്ധപ്പെട്ട ഏജൻസികളും സർക്കാരും സമയബന്ധിതമായി നടപ്പിലാക്കണമെന്ന പ്രമേയം വിലങ്ങന്നൂർ വാർഡിലെ ഗ്രാമ സഭയിൽ അവതരിപ്പിച്ച് ഐക്യകണ്‌ഠേന പാസാക്കി. ഗ്രാമസഭ പാസാക്കിയ സീറോ ബഫർ സോൺ പ്രമേയവും വിലങ്ങന്നൂർ വാർഡിൽ ഉൾപ്പെടുന്ന 375 ആളുകളുടെ ബഫർ ഫോമിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ഫോറവും വാർഡ് മെമ്പർ ഷൈജു കുരിയൻ പഞ്ചായത്ത് അധികാരികൾക്ക് മേൽ നടപടികൾ സ്വീകരിക്കാനായി കൈമാറി. 

ഗ്രാമസഭ മോണിറ്റർ ചെയ്യുന്നതിന് മുൻ പഞ്ചായത്ത് പ്രസിഡന്റും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സനുമായ കെ.വി. അനിത മുഖ്യ അതിഥിയായി പങ്കെടുത്തു. വാർഡ് മെമ്പർ ഷൈജു കുരിയൻ  അധ്യക്ഷത  വഹിച്ച യോഗത്തിൽ പഞ്ചായത്ത് കോഡിനേറ്റർ സുരജ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശിവരാമൻ, കെ.സി. ചാക്കോ ,  അംഗനവാടി ടീച്ചർ എൽസി, ആശവർക്കർ ഷേർളി, ആർആർടി അംഗം കെ.വി ബിനു എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു.


Post a Comment

0 Comments