പട്ടിക്കാട്. ദേശീയപാത പട്ടിക്കാട് മേൽപാതയിൽ വെച്ച് ലോറിയുടെ പുറകിൽ കാറിടിച്ച് അപകടം. തിരുവനന്തപുരത്ത് നിന്നും പളനിക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ചേകാലിന് പട്ടിക്കാട് പെട്രോൾ പമ്പിന് സമീപം മേൽപാതയിലാണ് അപകടം ഉണ്ടായത്.
അമിത വേഗതയിൽ വന്നിരുന്ന ചരക്ക് ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പുറകിൽ വന്നിരുന്ന കാർ ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു. രണ്ട് ചെറിയ കുട്ടികളും മാതാപിതാക്കളുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് കാറിൻറെ മുൻവശത്തെ എയർബാഗുകൾ പ്രവർത്തിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടത്തിന് ഇടയാക്കിയ ലോറി നിർത്താതെ പോയി.
നാഷണൽ ഹൈവേ അതോറിറ്റിയുടെ റിക്കവറി ടീമിലെ റൂട്ട് പെട്രോളിങ് ഓഫീസർ കെ സി അനുരുദ്ധന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് കാർ മാറ്റി.


0 Comments