പീച്ചി. ഫിഷറീസ് വകുപ്പിന് കീഴിലുള്ള പീച്ചി ഫിഷ്‌സീഡ് ഹാച്ചറിയിലേക്കും കോഴിക്കോട് കല്ലാനോട് ഹാച്ചറിയിലേക്കും കൊണ്ടുവന്ന ലക്ഷക്കണക്കിന് മത്സ്യക്കു ഞ്ഞുങ്ങൾ ചത്ത സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു. വിജയവാഡയിലെ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചർ എന്ന സ്ഥാപനത്തിൽ നിന്ന് കൊണ്ടുവന്ന 5 ലക്ഷം കാർപ് തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങളിൽ 4.75 ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങൾ പീച്ചിയിൽ എത്തിയപ്പോഴേക്കും ചത്തിരുന്നു.
കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു സംഭവം. വാഹന തകരാറു മൂലം മത്സ്യക്കുഞ്ഞുങ്ങളെ ഹാച്ചറികളിൽ എത്തിക്കാൻ വൈകിയതാണ് അവ ചത്തുപോകാനുള്ള കാരണം. തകരാറുള്ള വാഹനവുമായാണ് മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതിന് ജീവനക്കാരുൾപ്പെടെ വിജയവാഡക്കു പോയതെന്ന ആരോപണമുണ്ട്. മൂന്നുദിവസത്തോളം വാഹനം തകരാറിലായി വഴിയിൽ കിടന്നു. മത്സ്യക്കുഞ്ഞുങ്ങളെ എത്തിക്കുന്നതിനുള്ള വാഹനങ്ങൾ ക്വട്ടേഷൻ നൽകാതെ വിളിക്കുന്നതായും ആരോപണം ഉണ്ടായിരുന്നു.
തമിഴ്‌നാട്ടിലെയും വിജയവാഡയിലെയും അന്തരീക്ഷ താപനിലയിലുള്ള വ്യത്യാസം മത്സ്യക്കുഞ്ഞുങ്ങളെ ബാധിക്കാതിരിക്കുന്നതിനുള്ള മുൻകരുതലും എടുത്തിരുന്നില്ല. കുഞ്ഞ് ഒന്നിന് 2.50 രൂപ നിരക്കിൽ 10 ലക്ഷം രൂപ മുൻകൂട്ടി അടച്ച ശേഷമാണു മത്സ്യക്കുഞ്ഞുങ്ങളെ ശേഖരിക്കുന്നതിന് എത്തിയത്. വിജയവാഡയിൽ നിന്നെത്തിച്ച മത്സ്യക്കുഞ്ഞുങ്ങൾ ചത്തതുമൂലം സർക്കാരിന് 12 ലക്ഷം രൂപ നഷ്ടമായ സാഹചര്യത്തിലാണ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പീച്ചി ഹാച്ചറിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 11 ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളാണ് ഇത്തരത്തിൽ ചത്തത് എന്നാണ് വിവരം.


0 Comments