കുതിരാൻ തുരങ്കമുഖത്തെ ആംബുലൻസ് സർവ്വീസുകൾ നിർത്തിവെച്ചു


പട്ടിക്കാട്. അടിയന്തര സേവനങ്ങൾക്ക് കുതിരാൻ തുരങ്കമുഖത്ത് സജ്ജമാക്കിയിരുന്ന ആംബുലൻസ് സർവ്വീസ് നിർത്തിവെച്ചു. തുരങ്കത്തിന് അകത്തോ സമീപ പ്രദേശങ്ങളിലോ അപകടങ്ങൾ ഉണ്ടായാൽ ഉടനടി സേവനം ലഭ്യമാക്കുന്നതിനാണ് തുരങ്കമുഖത്ത് ആംബുലൻസ് സേവനം ലഭ്യമാക്കിയിരുന്നത്. തുരങ്കത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗത്തായി ഓരോ ആംബുലൻസുകളാണ് സജ്ജമാക്കിയിരുന്നത്. എന്നാൽ ടോൾ പിരിവ് ആരംഭിച്ചതോടെ ഇതിൽ ഒരു ആംബുലൻസ് പന്നിയങ്കയിലേയ്ക്ക മാറ്റുകയും കുതിരാൻ തുരങ്കമുഖത്തെ സർവ്വീസ് പൂർണ്ണമായും നിർത്തിവെക്കുകയുമാണ് ചെയ്തിട്ടുള്ളത്. ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത് വാണിയമ്പാറയ്ക്കും മണ്ണുത്തിയ്ക്കും ഇടയിലാണ്. അതുകൊണ്ടുതന്നെ നിലവിൽ അപകടങ്ങൾ ഉണ്ടായാൽ വാണിയമ്പാറയിൽ നിന്നോ പട്ടിക്കാട് നിന്നോ ആംബുലൻസുകൾ എത്തേണ്ടി വരും. ഇത് അപകടങ്ങളിൽ പെടുന്നവരെ സാരമായി ബാധിക്കുകയും ചെയ്യും. തുരങ്കമുഖത്ത് സർവ്വീസ് ലഭ്യമായാൽ അത് ഈ മേഖലയിൽ അടിയന്തര സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.

ടോൾ പിരിവ് ആരംഭിക്കുന്നതോടെ ജനങ്ങളുടെ ജീവനും സ്വത്തിനു കൂടുതൽ സുരക്ഷ നൽകേണ്ട ദേശീയപാത അധികൃതർ അതിന് വിപരീതമായ പ്രവർത്തനങ്ങളാണ് ദേശീയപാതയിൽ നടപ്പാക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.



Post a Comment

0 Comments