പട്ടിക്കാട് കേന്ദ്രമാക്കി ഫയർ സ്‌റ്റേഷൻ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു


പട്ടിക്കാട്. ദേശീയപാത കടന്നുപോകുന്ന പട്ടിക്കാട് കേന്ദ്രമാക്കി അഗ്‌നിരക്ഷാ സേനയുടെ പ്രവർത്തനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിരവധി അപകടങ്ങളും തീപ്പിടിത്തങ്ങളും സമീപ കാലത്ത് പ്രദേശത്ത് സംഭവിക്കുന്നതിനാലാണ് ഇത്തരം ഒരു ആവശ്യം ഉയർന്നു വന്നിട്ടുള്ളത്. ദേശീയപാതയിൽ ഒരു അപകടം സംഭവിച്ചാൽ തൃശൂരിൽ നിന്നോ വടക്കുഞ്ചേരിയിൽ നിന്നോ ആണ് അഗ്‌നിരക്ഷാസേന എത്തിച്ചേരുന്നത്. എന്നാൽ പലപ്പോഴും ഇതിന് കാലതാമസം നേരിടുന്നത് കൂടുതൽ നാശനഷ്ടങ്ങൾക്കും മരണങ്ങൾക്കും വഴിയൊരുക്കാറുണ്ട്. 

മാത്രമല്ല വനമേഖലയിലുണ്ടാകുന്ന തീപ്പിടിത്തങ്ങൾ പാണഞ്ചേരി പഞ്ചായത്തിലെ കർഷകരെ സാരമായി ബാധിക്കുന്നുമുണ്ട്. കൂടാതെ പീച്ചി റിസർവോയറിൽ ഉണ്ടായ അപകടങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നാല് പേരാണ് മരണപ്പെട്ടത്. ഇത്തരം സന്ദർഭങ്ങളിൽ പട്ടിക്കാട് കേന്ദ്രീകരിച്ച് അഗ്‌നിരക്ഷാ സേനയുടെ പ്രവർത്തനം തുടങ്ങാൻ സാധിച്ചാൽ വാണിയമ്പാറ മുതൽ മണ്ണുത്തി വരെയുള്ള മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് അത് ഒരു സഹായമാകുമെന്നാണ് ജനങ്ങളുടെ അഭിപ്രായം.



Post a Comment

0 Comments