പട്ടിക്കാട്. കെട്ടിട നിർമ്മാണ മേഖല സ്തംഭിച്ചതോടെ ഈ മേഖലയിൽ തൊഴിൽ പ്രതിസന്ധി രൂക്ഷമായി. ആയിരക്കണക്കിന് തൊഴിലാളികൾക്ക് മറ്റു തൊഴിലുകൾ തേടി പോകേണ്ട അവസ്ഥയായി. തൊഴിലില്ലായ്മ പെരുകിയതോടെ സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. പാണഞ്ചേരി പഞ്ചായത്തിന്റെ സാഹചര്യവും വ്യത്യസ്തമല്ല. കഴിഞ്ഞ ഏഴ് മാസമായി തൃശൂർ ജില്ലയിലെ ക്രഷർ, ക്വാറി യൂണിറ്റുകളുടെ പ്രവർത്തനം നിർത്തി വെച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
തമിഴ്‌നാട്ടിൽ നിന്നും വൻ വില നൽകി കരിങ്കല്ലും മെറ്റലും കൊണ്ടുവരേണ്ട സ്ഥിതിയാണ് ഇപ്പോൾ. ആവശ്യമായ നിയമനിർമ്മാണം നടത്താതെ എൽഎ പട്ടയത്തിൽ 25 വർഷമായി ഉള്ള യൂണിറ്റുകളുടെ പ്രവർത്തനം സർക്കാർ തടഞ്ഞതാണ് നിർമ്മാണ മേഖല സ്തംഭിക്കാൻ കാരണമെന്ന് ക്രഷർ, ക്വാറി ഉടമകൾ പറയുന്നു. വ്യവസായ റവന്യൂ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടാവാൻ കാരണം എന്നും അവർ പറഞ്ഞു. ഇതേ നിയമം ബാധകമായ മേഖലകളിൽ യാതൊരു വ്യാപാര പ്രവർത്തനങ്ങളും പാടില്ല എന്നിരിക്കെ ക്വാറികൾക്കും ക്രഷർ യൂണിറ്റുകൾക്കും മാത്രമാണ് പ്രവർത്തനത്തിന് തടസ്സം എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വിവിധ ട്രേഡ് യൂണിയനുകളും തൊഴിലാളി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും ജനപ്രതിനിധികൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും ആരോപണമുണ്ട്.


0 Comments