മീഡിയൻ ഓപ്പണിംഗ് അടച്ച് ഹൈവേ അധികൃതർ: പ്രതിഷേധം ശക്തമാകുന്നു


പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ആറുവരിപ്പാതയിലെ മീഡിയൻ ഓപ്പണിംഗുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വീണ്ടും ചൂടുപിടിക്കുകയാണ്. മുഴുവൻ  ഓപ്പണിംഗുകളും അടയ്ക്കുന്നതിനെതിരെ വലിയ ജനകീയ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. ദേശീയപാതയിലെ അപകടങ്ങൾ കുറയ്ക്കുക എന്ന ഉദ്ദേശ്യമാണ് ഹൈവേ അധികൃതർക്കെങ്കിലും ബദൽ സൗകര്യങ്ങൾ ഏർപ്പെടുത്താതെ ഓപ്പണിംഗുകൾ അടയ്ക്കുന്നതിലാണ് ജനങ്ങൾക്ക് പ്രതിഷേധം. മീഡിയൻ ഓപ്പണിംഗുകൾ മുഴുവനും അടയ്ക്കുന്നതിന് മുമ്പ് അടിപ്പാതകളുടെയും സർവ്വീസ് റോഡുകളുടെയും പണികൾ പൂർത്തീകരിക്കേണ്ടത് ഹൈവേ അതോറിറ്റിയുടെ ഉത്തരവാദിത്തമാണ്. ഹൈവേയുടെ രൂപരേഖ തയ്യാറാക്കുന്ന കാലത്ത് മുളയത്തും മുടിക്കോടും കല്ലിടുക്കിലും വാണിയംപാറയിലും ഉൾപ്പെടെ മിക്കയിടങ്ങളിലും അടിപ്പാതകൾ വിഭാവനം ചെയ്തിരുന്നു. എന്നാൽ പതിവായി അപകടങ്ങളും മരണങ്ങളും സംഭവിക്കുന്ന ഇവിടങ്ങളിൽ അടിപ്പാതകൾ നിർമ്മിക്കാൻ കരാർ കമ്പനി തയ്യാറായില്ല.


മീഡിയൻ ഓപ്പണിംഗുകൾ അടയ്ക്കുന്നതോടെ സർവീസ് റോഡുകളെ പൂർണ്ണമായും ആശ്രയിക്കേണ്ടി വരും. എന്നാൽ വളരെ പ്രധാനപ്പെട്ട പല മേഖലകളിലും സർവീസ് റോഡുകൾ പൂർത്തിയാക്കിയിട്ടില്ല. വാണിയംപാറ സെന്ററിലും പട്ടിക്കാട് തമ്പുരാട്ടിപ്പടിയിലും പണി പൂർത്തീകരിക്കാത്ത സർവീസ് റോഡുകൾ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇരുമ്പുപാലത്താകട്ടെ പാലക്കാട് ഭാഗത്തേക്കുള്ള പ്രധാന പാതയുടെ നിർമ്മാണം പോലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. ഇവിടെ ഏറെ ദൂരം രണ്ടു ട്രാക്കുകൾ മാത്രമാണ് ഉള്ളത്. ഇക്കാര്യം പെട്ടെന്ന് ശ്രദ്ധയിൽ പെടാത്തതിനാൽ മിക്ക ദിവസങ്ങളിലും ഇവിടെ അപകടങ്ങൾ പതിവാണ്.

ജനങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ വേണ്ട ഇത്തരം സൗകര്യങ്ങൾ ഒരുക്കാതെ അപകടങ്ങൾ തടയാൻ എന്ന പേരിൽ ഹൈവേയിലെ മുഴുവൻ ഓപ്പണിംഗുകളും അടയ്ക്കുന്നത് ജനവിരുദ്ധമായ നടപടി ആണെന്ന് എല്ലാവരും ചൂണ്ടിക്കാട്ടുന്നു. ഇരു ഭാഗത്തുമുള്ള റോഡുകളിൽ നിന്ന് ഹൈവേയിലേക്ക് നേരിട്ട് കടക്കാവുന്ന ഓപ്പണിംഗുകൾ പലയിടത്തും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട് എന്നുള്ളത് വാസ്തവമാണ്. അത്തരം ഓപ്പണിംഗുകൾ അടയ്ക്കുന്നതിൽ ജനങ്ങൾക്ക് എതിർപ്പില്ല. എന്നാൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പൂർണ്ണമാ യും തടസ്സപ്പെടുത്തി മുഴുവൻ ഓപ്പണിംഗുകളും അടയ്ക്കാൻ കരാർ കമ്പനി തിടുക്കം കാണിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും രാഷ്ട്രീയ കക്ഷി നേതാക്കളും ആരോപിക്കുന്നു. 
മേൽപ്പാലങ്ങളുടെ ഇരു ഭാഗത്തും സാധാരണയായി സ്ഥാപിക്കുന്ന മീഡിയൻ ഓപ്പണിംഗുകളിൽ ചിലത് അടയ്ക്കാൻ നടക്കുന്ന നീക്കത്തിനെതിരെയും പ്രതിഷേധമുണ്ട്. ഇത് പട്ടിക്കാട് സെന്ററിലെ വ്യാപാര സ്ഥാപനങ്ങളെയും സാരമായി ബാധിക്കുകയും ചെയ്യും


Post a Comment

0 Comments