പട്ടിക്കാട്. പാണഞ്ചേരിയിൽ ജലക്ഷാമം രൂക്ഷമാകുമ്പോഴും രണ്ട് പതിറ്റാണ്ടുകളായി അധികൃതരുടെ അനാസ്ഥയുടെ പ്രതീകമാവുകയാണ് പാണഞ്ചേരിയിലെ കാവുകുളം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി. 2001 ജനുവരി 21ന് അന്ന് സംസ്ഥാന കൃഷി മന്ത്രി ആയിരുന്ന കൃഷ്ണൻ കണിയാംപറമ്പിൽ ആണ് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. സി എൻ ജയദേവൻ ആയിരുന്നു ഒല്ലൂർ എംഎൽഎ. 25 ലക്ഷം രൂപ ചെലവിട്ട പദ്ധതിയുടെ നിർമ്മാണച്ചുമതല കേരള സ്‌റ്റേറ്റ് ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനായിരുന്നു. കുളം പുനരുദ്ധരിച്ച് പാർശ്വഭിത്തികൾ കെട്ടി മോട്ടോർ ഷെഡ് പണിത് നാൽപ്പത് എച്ച്പിയുടെ മോട്ടോറും സ്ഥാപിച്ചു. പൈപ്പ് ലൈനും വാൽവുകളും സ്ഥാപിച്ചു. എന്നാൽ മോട്ടോർ പ്രവർത്തിപ്പിക്കാൻ വേണ്ട വൈദ്യുതി കണക്ഷൻ മാത്രം എടുത്തില്ല. പ്രദേശത്തേക്ക് ത്രീ ഫേസ് വൈദ്യുതി ലൈൻ വലിക്കുന്നതിന് സ്‌റ്റേറ്റ് സീഡ് ഫാമിന്റെ സമ്മതം കൂടി വേണമായിരുന്നു.
അത് നേടിയെടുക്കുന്നതിലും മറ്റു സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിലും പഞ്ചായത്ത് അധികൃതർ കാണിച്ച അനാസ്ഥയാണ് ലക്ഷക്കണക്കിന് രൂപ മുടക്കി ആരംഭിച്ച ഒരു പദ്ധതി യാഥാർത്ഥ്യമാകാതെ പോയതിനു കാരണം. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പഞ്ചായത്ത് ഭരണസമിതികൾ മാറിമാറി വന്നിട്ടും കാവുകളും ലിഫ്റ്റ് ഇറിറേഷൻ പദ്ധതി പ്രാവർത്തികമാക്കാനുള്ള പരിശ്രമങ്ങൾ നടത്തിയില്ല എന്ന് പ്രദേശത്തെ ജനങ്ങൾ ആരോപിക്കുന്നു. ഇതിനിടെ പൈപ്പ് ലൈനിന്റെ വാൽവുകൾ പലതും മോഷണം പോയതായും നാട്ടുകാർ പറഞ്ഞു. വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട ചെലവുകൾക്കായി 4 ലക്ഷത്തോളം രൂപ കെഎൽഡിസി യുടെ പക്കൽ ഇപ്പോഴും ബാക്കി ഉണ്ടെന്നാണ് പാണഞ്ചേരി വടക്കേക്കര കുന്നിൽ ഈ പദ്ധതി കൊണ്ടുവരുന്നതിന് മുൻകയ്യെടുത്ത, അന്നത്തെ വാർഡ് മെമ്പർ ആയിരുന്ന ടി. രാജപ്പൻ പറയുന്നത്. തുടർന്ന് അധികാരത്തിൽ വന്ന പഞ്ചായത്ത് ഭരണസമിതികൾ സ്വീകരിച്ച നിഷേധാത്മകമായ സമീപനമാണ് നിരവധി കർഷകർക്ക് പ്രയോജനപ്പെടുമായിരുന്നു ഒരു പദ്ധതിയെ തകിടം മറിച്ചതിന് കാരണമെന്നും ടി. രാജപ്പൻ ചൂണ്ടിക്കാട്ടി.
കാവുകളും ഇപ്പോൾ കാടുകയറി നാശത്തിന്റെ വക്കിലാണ്. സ്വകാര്യ വ്യക്തികൾ കുളത്തിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളമെടുക്കുന്നത് സമീപത്ത് പ്രവർത്തിക്കുന്ന സഹൃദയ കുടിവെള്ള പദ്ധതിക്ക് ഭീഷണിയാണെന്ന് കുടിവെള്ള സമിതിയുടെ പ്രസിഡന്റ് പറഞ്ഞു. കുളം വരളാൻ തുടങ്ങിയതോടെ കുടിവെള്ള പദ്ധതിയുടെ കിണറ്റിലെ വെള്ളവും വറ്റി. കാവുകളും ശുചീകരിച്ച് ആഴം കൂട്ടി ജലസംഭരണ ശേഷി വർധിപ്പിക്കണം. പീച്ചി വലതുകര കനാൽ തുറന്നു വിടുമ്പോൾ അതിന്റെ ലീക്കേജ് മൂലം താളിക്കോട് ഇരട്ടക്കുളത്തിൽ വെള്ളം നിറയും. ഫീൽഡ് ചാലുകൾ വഴി അവിടെനിന്ന് വെള്ളം കാവുകളത്തിലേക്ക് എത്തിച്ചാൽ കാവുകളവും ജലസമൃദ്ധമാകും. അപ്പോൾ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും കുടിവെള്ള പദ്ധതിയുമൊക്കെ ഫലപ്രദമായി നടക്കും.
ഇതോടെ നീർമറി പ്രദേശങ്ങളായ വടക്കേക്കരകുന്ന്, കണിയാൻകുഴി തുടങ്ങിയ പ്രദേശങ്ങളിൽ ഇടവിള കൃഷികളും സാധ്യമാകും. ഇവിടങ്ങളിലെ കിണറുകൾ റീച്ചാർജ് ചെയ്യപ്പെടുന്നതോടെ കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും. ഇച്ഛാശക്തിയുള്ള ഭരണസമിതികളും രാഷ്ട്രീയ നേതൃത്വങ്ങളും മുന്നിട്ടിറങ്ങിയാൽ ഈ പദ്ധതി വീണ്ടും നടപ്പാക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രദേശത്തെ ജനങ്ങൾ വിശ്വസിക്കുന്നത്. വരൾച്ച നാടിനെ പിടിമുറുക്കുമ്പോൾ കൃഷിയെയും മനുഷ്യരെയും സംരക്ഷിക്കാൻ, വികസനത്തിൽ രാഷ്ട്രീയം കലർത്താത്ത ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ അനിവാര്യമാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും നാട്ടുകാരനുമായ വി.എം. രാധാകൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ.രാജനും, പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രനും നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.


0 Comments