കേരള വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ് സമ്മേളനം നടന്നു


പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി സമിതിയുടെ 11-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാണഞ്ചേരി യൂണിറ്റ് സമ്മേളനം ബെന്നി വെട്ടിയാടൻ നഗറായ പട്ടിക്കാട് വൈസ് മെൻസ് ഹാളിൽ നടന്നു. സമിതി ഏരിയ പ്രസിഡന്റ് വർഗ്ഗീസ് തെക്കേക്കര സമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാതലത്തിൽ നടപ്പാക്കുന്ന വ്യാപാര മിത്ര പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനവും നടന്നു. സമിതിയിലെ അംഗങ്ങളിൽ ആരെങ്കിലും മരണപ്പെട്ടാൽ കുടുംബത്തിന് 5 ലക്ഷം രൂപയുടെ  സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിതെന്നും ഇതിനായി വ്യാപാരി വ്യവസായി സമിതിയിലെ 5000 അംഗങ്ങളിൽ നിന്ന് 2100 രൂപ വീതം സമാഹരിച്ച് വ്യാപാര മിത്ര ഫണ്ട് രൂപീകരിക്കുമെന്നും വർഗ്ഗീസ് തെക്കേക്കര പറഞ്ഞു. ജില്ല കമ്മിറ്റി അംഗം ഇ.എസ്.അനിൽ വ്യാപാരമിത്ര പദ്ധതി ഏറ്റുവാങ്ങി. യൂണിറ്റ് പ്രസിഡന്റ് പി.പി. സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പാണഞ്ചേരി യൂത്ത് വിങ് ഉദ്ഘാടനം സിപിഐഎം പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ നിർവഹിച്ചു. 12 വർഷം ഓഫീസ് സ്റ്റാഫ് ആയി ജോലി ചെയ്ത റാണിയെ പഞ്ചായത്തംഗം ആനി ജോയ് ആദരിച്ചു. യൂണിറ്റ് സെക്രട്ടറി ബാബു കൊള്ളന്നൂർ, ഏരിയ സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി, യൂണിറ്റ് ട്രഷറർ കൃഷ്ണൻകുട്ടി, വൈസ് പ്രസിഡന്റ് പി.വി. തിലകൻ, എക്‌സി. മെമ്പർ തോമസ് സാമുവേൽ എന്നിവർ സംസാരിച്ചു. 

യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി സെക്രട്ടറി തോമസ് സാമുവേൽ, പ്രസിഡന്റ് ബാബു കൊള്ളന്നൂർ, ട്രഷറർ കൃഷ്ണൻകുട്ടി എന്നിവരെ തിരഞ്ഞെടുത്തു. 14 വർഷത്തെ അഭിനന്ദനാർഹമായ സേവനമാണ് ബാബു കൊള്ളന്നൂർ കാഴ്ചവെച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. 

യൂത്ത് വിങ് സെക്രട്ടറിയായി ക്രിസ്‌റ്റോ സൈമൺ, പ്രസിഡന്റ് സിജോ, ട്രഷറർ ബേസിൽ എന്നിവരെയും 20 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.



Post a Comment

0 Comments