പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ബജറ്റിന് ഭൂരിപക്ഷം അംഗീകാരം; പ്രതിപക്ഷാംഗങ്ങളിൽ നാല് പേർക്ക് എതിർപ്പ്


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന് ഭൂരിപക്ഷം അംഗീകാരം ലഭിച്ചു. ബജറ്റ് ചർച്ചയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിൽ ഓപ്പൺ ജിം, ഓപ്പൺ സ്റ്റേഡിയം എന്നിവ ആരംഭിക്കുക, പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാരേജ് ബ്യൂറോ തുടങ്ങുക, സ്ത്രീകൾക്ക് വേണ്ട മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുക, സംസ്ഥാനത്തെ 65 സ്‌കൂളുകളിൽ മാത്രം സർക്കാർ നടപ്പാക്കുന്ന ഹെൽത്തി കിഡ് പദ്ധതി പട്ടിക്കാട് എൽപി സ്‌കൂളിൽ നടപ്പാക്കുക, പഞ്ചായത്തിലെ തൊഴിലന്വേഷകർക്ക് വേണ്ടി മൈ ജോബ്, മൈ പ്രൈഡ് പദ്ധതി നടപ്പാക്കുന്നതിനായി ജോബ് എക്‌സ്‌ചേഞ്ച് ആരംഭിക്കുക തുടങ്ങി കൃഷി, ആരോഗ്യം, കുടിവെള്ളം തുടങ്ങിയ മേഖലകളിൽ പഞ്ചായത്തിലെ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ബജറ്റാണ് അടുത്ത സാമ്പത്തിക വർഷത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 40 കോടിയിൽ പരം രൂപ ചിലവിട്ട് ജനങ്ങളുടെ സുരക്ഷയും, സൗകര്യങ്ങളും ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് അടുത്ത സാമ്പത്തിക വർഷം നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ പറഞ്ഞു. 

എന്നാൽ പ്രതിപക്ഷാംഗങ്ങളിൽ ബാബു തോമസ്, കെ.പി. ചാക്കോച്ചൻ, സി.എസ്. ശ്രീജു, ഷൈജു കുര്യൻ എന്നിവർ ബജറ്റിൽ എതിർപ്പ് പ്രകടിപ്പിച്ചു. ബജറ്റ് പൂർണ്ണമായും പരാജയമാണെന്നും, പ്രായോഗികമാകുന്ന നിലയിൽ കാർഷിക മേഖലയ്ക്ക് പരിഗണന നൽകിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവും കോൺഗ്രസ് പീച്ചി മണ്ഡലം പ്രസിഡന്റുമായ ബാബു തോമസ് പറഞ്ഞു. കർഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാർഷിക മേഖലയിൽ ജലലഭ്യത ഉറപ്പാക്കുന്ന പദ്ധതികൾ ഒന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് വേണ്ട പദ്ധതികൾ ബജറ്റിൽ ഇല്ലെന്നും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണം പോലും പൂർത്തീകരിക്കാൻ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിൽ അർഹരായവർക്ക് പോലും വേണ്ട പരിഗണന നൽകാൻ നിലവിൽ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും ബജറ്റ് അംഗീകരിച്ച തുക പ്രാവർത്തികമാക്കി മുന്നോട്ട് പോകാൻ തുടർന്ന് കഴിയണമെന്നും കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ പറഞ്ഞു. പ്രതിപക്ഷാംഗങ്ങളിൽ ജയകുമാർ ആദംകാവിൽ, സുശീല രാജൻ എന്നിവർ ബജറ്റ് അംഗീകരിച്ചു. പഞ്ചായത്തംഗം ബിജോയ് ജോസ് ചർച്ചയിൽ പങ്കെടുത്തില്ല.



Post a Comment

0 Comments