പട്ടിക്കാട് : ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന കാൻ തൃശ്ശൂർ പദ്ധതിയുടെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കാൻസർ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെയും പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്. പട്ടിക്കാട് ഗവ. എൽ പി സ്‌കൂളിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളുടെ കീഴിലായി 90ലധികം ക്യാമ്പുകൾ ആണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. നിശ്ചയിച്ചിട്ടുള്ളത് ഇതിൽ 59 ആമത്തെ ക്യാമ്പാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ നടത്തിയത്. ഇത്തരത്തിൽ നടത്തിയ ക്യാമ്പുകളിൽ നിന്നും നിരവധി പേർക്ക് ആദ്യമേ തന്നെ രോഗം കണ്ടുപിടിക്കുകയും രോഗം മാറ്റിയെടുക്കാൻ സാധിച്ചതായും ആരോഗ്യ പ്രവർത്തകർ പറയുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ച ക്യാമ്പിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. രവി മുഖ്യ അതിഥിയായി, തൃശ്ശൂർ ഡിഎംഒ പി.കെ. രാജു പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്തംഗം കെ.വി. സജു, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി. അനിത, പഞ്ചായത്ത് അംഗങ്ങളായ കെ.പി. ചാക്കോച്ചൻ, എം.ജെ. അനീഷ്, വെള്ളാനിക്കര സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.എസ്. ജയന്തി, വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രം മേധാവി ഡോക്ടർ ശ്രീജ വി, എന്നിവ പങ്കെടുത്ത് സംസാരിച്ചു.


0 Comments