നാട്ടിൽ കള്ളൻ വിലസുന്നു; സ്ത്രീകൾ ഭീതിയിൽ


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഭീതി പരത്തി കള്ളൻ വിലസുന്നു. രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് നേരെയാണ് കയ്യേറ്റ ശ്രമങ്ങൾ നടക്കുന്നത്. വീടുകളുടെ തുറന്നു കിടക്കുന്ന ജനാലകളിലൂടെ കയ്യിട്ട് ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ കാലിലോ കയ്യിലോ പിടിച്ചു വലിക്കും.  ഏതുവിധേനെയെങ്കിലും വീടിനകത്ത് കയറുന്ന കള്ളൻ അകത്തു കിടക്കുന്ന വസ്ത്രങ്ങൾ വീടിനു പുറത്തു കൊണ്ടിടുക, പുറത്ത് അയയിൽ കിടക്കുന്ന വസ്ത്രങ്ങൾ അകത്തു കൊണ്ടിടുക തുടങ്ങിയ പരിപാടികളും ചെയ്യുന്നതായി നാട്ടുകാർ പറയുന്നു. സ്ത്രീകളുടെ ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ അവരെ അപായപ്പെടുത്തിയാലോ എന്ന ഭയവും ജനങ്ങൾക്കുണ്ട്. നേരം ഇരുട്ടിത്തുടങ്ങിയാൽ തന്നെ
 
സ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ചൂടുകാലമായതിനാൽ  മിക്കവാറും വീടുകളുടെ ജനലുകൾ എല്ലാം തുറന്നിട്ടാണ് അധികം പേരും ഉറങ്ങുന്നത്. ഈ അവസരം മുതലെടുത്തുകൊണ്ടാണ് കള്ളൻ ഇപ്പോൾ വിലസുന്നത്. ചെന്നായ്പ്പാറ, കുന്നത്തങ്ങാടി, പായ്ക്കണ്ടം, പയ്യനം, വീണ്ടശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം സമാനമായ രീതിയിൽ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ ഒരാൾ തന്നെയായിരിക്കാം ഇതിന് പിന്നിലെന്നാണ് ജനങ്ങളുടെ നിഗമനം.  സിസിടിവി ക്യാമറകൾ ഉള്ള സ്ഥലങ്ങളും വീടുകളുമെല്ലാം പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടാണ് കള്ളന്റെ ഊരു ചുറ്റൽ. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഒരു മണിക്ക് പയ്യനം പ്രദേശത്തു നിന്ന് ഇത്തരമൊരു ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞതായി പ്രചരിക്കുന്നുണ്ട്. ക്യാമറയുടെ സമീപം എത്തുമ്പോഴേക്കും തുണികൊണ്ട് ശരീരം മറച്ച് ഒരാൾ കടന്നുപോകുന്ന ദൃശ്യമാണ് ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്. കള്ളനെ പിടികൂടുന്നതിൽ പോലീസിന്റെയും അധികൃതരുടെയും ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.



Post a Comment

0 Comments