പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ പടരുന്നത് ജനങ്ങളെ പരിഭ്രാന്തിയിൽ ആക്കുന്നു. രാവിലെ പൂവൻചിറയിൽ കാട്ടുതീ ജനവാസ മേഖലയ്ക്ക് അടുത്തുവന്നത് പ്രദേശവാസികളിൽ ഏറെ ആശങ്ക ഉളവാക്കി. ഇപ്പോൾ വെള്ളാനി മലയിൽ കാട്ടുതീ പടർന്നു പിടിക്കുകയാണ്. ജനവാസ മേഖലകളിലേക്ക് തീ പടർന്നു പിടിക്കാതിരിക്കാൻ നാട്ടുകാർ തന്നെ അതിനുള്ള ശ്രമം നടത്തിവരികയാണ്. അടിയന്തരഘട്ടങ്ങളിൽ അഗ്നിരക്ഷാ സേനയുടെ സേവനം ലഭ്യമാകുമോ എന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. കഴിഞ്ഞദിവസം ഇമ്മട്ടി പറമ്പിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് തീയണക്കാൻ വടക്കുഞ്ചേരിയിൽ നിന്നാണ് അഗ്നി രക്ഷാ സേനയുടെ യൂണിറ്റ് എത്തിയത്. പാണഞ്ചേരി പഞ്ചായത്ത് കേന്ദ്രമാക്കി അഗ്നിരക്ഷാസേനയുടെ യൂണിറ്റ് വേണമെന്ന കാലങ്ങളായുള്ള ആവശ്യം ഇതോടെ വീണ്ടും ശക്തമാവുകയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ എത്രയും വേഗം അതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments