പീച്ചി ഡാമിലെ ജലനിരപ്പിൽ കഴിഞ്ഞ വർഷത്തേക്കാൾ നാലര മീറ്ററോളം കുറവ്


പീച്ചി. തൃശൂർ ടൗണിലെയും ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും പ്രധാന ജലസ്രോതസായ പീച്ചി ഡാമിലെ ജലനിരപ്പിൽ കഴിഞ്ഞ വർഷത്തേക്കാൾ നാലര മീറ്ററോളം കുറവ് രേഖപ്പെടുത്തി. 2022 മാർച്ച് 20 ന് 74.78 മീറ്റർ ഉണ്ടായിരുന്ന ജലനിരപ്പ് 2023 മാർച്ച് 18 ന് 70.49 മീറ്റർ മാത്രമാണുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വേനൽ മഴ ലഭിച്ചെങ്കിലും ഡാം സ്ഥിതി ചെയ്യുന്ന പാണഞ്ചേരി പഞ്ചായത്തിൽ എവിടെയും ഇതുവരെ മഴ ലഭിച്ചിട്ടില്ല. പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലെയും സ്ഥിതി ഇതുതന്നെ. ഡാമിലെ വെള്ളത്തിന്റെ കുറവും വേനൽ മഴ ലഭിക്കാത്തതും ആശങ്കയ്ക്ക് ഇട നൽകുന്നുണ്ട്. കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് നാട് നീങ്ങുമോ എന്ന ഭയത്തിലാണ് ജനങ്ങൾ.

ഇടത് വലതുകര കനാലുകളിൽ വെള്ളം തുറന്നു വിട്ടെങ്കിലും ഉപകനാലുകൾ വഴി ഇതുവരെ വേണ്ടത്ര വെള്ളം തുറന്നു വിടാത്തതിൽ കർഷകർ ഏറെ നിരാശയിലാണ്. ജാതി ഉൾപ്പെടെയുള്ള കാർഷിക വിളകളെ ഇത് സാരമായി ബാധിക്കുകയും ചെയ്യും. മാത്രമല്ല ഉപകനാലുകളിലൂടെ വെള്ളം തുറന്നു വിടുന്നത് വഴിയാണ് പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ റീചാർജ് ചെയ്യപ്പെടുന്നതും. എന്നാൽ ഡാമിലെ വെള്ളത്തിന്റെ കുറവാണ് ഉപകനാലുകൾ വഴി വെള്ളം തുറന്നുവിടാൻ സാധിക്കാത്തത് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.



Post a Comment

0 Comments