
പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ദേശീയപാത റിക്കവറി വിങ്ങിന്റെ നേതൃത്വത്തിൽ കയ്യേറ്റങ്ങൾ പൊളിച്ച് നീക്കി തുടങ്ങി. വ്യാപാര സ്ഥാപനങ്ങളുടെ മുൻഭാഗവും മറ്റ് പരസ്യ ബോർഡുകളും ഉൾപ്പെടെയുള്ളവയാണ് നിലവിൽ പൊളിച്ചു മാറ്റുന്നത്.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി ഏറ്റെടുത്ത സ്ഥലങ്ങളിൽ ഉള്ള കയ്യേറ്റങ്ങളാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊളിച്ചു നീക്കുന്നതെന്ന് അധികൃതർ പറഞ്ഞു. പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും കയ്യേറ്റങ്ങൾ പൊളിച്ചു നീക്കാൻ ഉടമസ്ഥർ തയ്യാറായില്ലെന്നും ആവശ്യപ്പെടുന്നവർക്ക് മൂന്നുദിവസം കൂടി സമയം അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കയ്യേറ്റങ്ങൾ പൊളിക്കുന്നതമായി ബന്ധപ്പെട്ട് ഉടമകളുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് ഇത്. എന്നാൽ അവ സ്വയം പൊളിച്ചു നീക്കാത്ത പക്ഷം മറ്റൊരു മുന്നറിയിപ്പില്ലാതെ ദേശീയപാത അധികൃതർ നേരിട്ട് കയ്യേറ്റങ്ങൾ പൊളിച്ചു നീക്കുമെന്നും അവർ പറഞ്ഞു.

0 Comments