പട്ടിക്കാട്. തൃശ്ശൂർ ജില്ലാ നിയമസേവന അതോറിറ്റിയുടെ ഇടപെടലിനെ തുടർന്ന് പാണഞ്ചേരി പഞ്ചായത്തിലെ താമര വെള്ളച്ചാൽ ആദിവാസി കോളനിയിൽ ലൈഫ് പദ്ധതിയിൽ ഭവന നിർമ്മാണത്തിന് 6 ലക്ഷം രൂപ വീതം അനുവദിക്കാൻ തീരുമാനമായി. നിരന്തരമായി വന്യമൃഗശല്യം നേരിടേണ്ടിവരുന്ന, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കോളനി നിവാസികൾക്ക് സുരക്ഷിതമായ വീട് എന്നത് ഒരു സ്വപ്നമായിരുന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പലർക്കും വീട് അനുവദിച്ചു കിട്ടിയിരുന്നു. എന്നാൽ ആദിവാസി കോളനിയിലോ കോളനിയോട് ചേർന്നുള്ള ദുർഘട പ്രദേശത്തോ താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർക്ക് ലൈഫ് പദ്ധതിയിൽ വീട് നിർമ്മാണത്തിന് നിയമാനുസൃതമായി 6 ലക്ഷം രൂപയ്ക്ക് അർഹതയുണ്ടായിട്ടും നാല് ലക്ഷം രൂപ മാത്രമാണ് ഇവർക്ക് അനുവദിച്ചത്. ബാക്കി തുക അനുവദിച്ചു കിട്ടാൻ ഊരുമൂപ്പൻ വാസു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ചുവെങ്കിലും തുക അനുവദിച്ചില്ല. തുടർന്ന് മൂപ്പൻ പരാതിയുമായി ജില്ലാ നിയമ സേവന അതോറിറ്റിയെ സമീപിക്കുകയായിരുന്നു. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ടി മഞ്ജിതിന്റെ നേതൃത്വത്തിൽ ഒരു സംഘം കോളനി സന്ദർശിച്ചു. കോളനി നിവാസികളുടെ നിസ്സഹായവസ്ഥ ബോധ്യപ്പെട്ടതിനെ തുടർന്ന് പ്രീ ലിറ്റിഗേഷൻ പെറ്റീഷനിൽ ബന്ധപ്പെട്ട അധികാരികളായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ,പട്ടിക വർഗ്ഗ വികസന ഓഫീസർ എന്നിവരുമായി ചർച്ച നടത്തി. ഇതു പ്രകാരം പരാതിക്കാരയ ഷിജു, സീമ, ഷാജി ,സനീത, സുകന്യ, രവി, ചന്ദ്രിക എന്നിവർക്ക് 6 ലക്ഷം രൂപ വീതം ഭവന നിർമ്മാണത്തിന്റെ പുരോഗതിക്കനുസരിച്ച് നൽകാമെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകി. കോളനിയോട് ചേർന്ന് താമസിക്കുന്ന വിജിതയ്ക്ക് കോളനിയിലുൾപ്പെടുന്നില്ല എന്ന കാരണത്താൽ ആനുകൂല്യം നിഷേധിച്ചിരുന്നു. എന്നാൽ വിജിത താമസിക്കുന്നത് താമര വെള്ളച്ചാൽ ആദിവാസി കോളനിയോട് ചേർന്നുള്ള ദുർഘട പ്രദേശത്താണെന്നുള്ള ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസറുടെ സർട്ടിഫിക്കറ്റിന്മേൽ 6 ലക്ഷം രൂപ അനുവദിക്കാമെന്നു കാണിച്ച് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റിപ്പോർട്ട് നൽകി. കോളനിയിലെ പട്ടികവർഗ്ഗ വിഭാഗക്കാരുടെ ലിസ്റ്റ് പട്ടിക വർഗ്ഗ വികസന ഓഫീസർ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്ക് കൈമാറും. ഭവന നിർമ്മാണം തീരുന്ന മുറയ്ക്ക് വി.ഇ.ഒ ഗുണഭോക്താക്കൾക്ക് പണം അനുവദിച്ചു നൽകാമെന്ന് രേഖാമൂലം ജഡ്ജിന് ഉറപ്പു നൽകി. അങ്ങനെ സബ്ജഡ്ജ് ടി മഞ്ജിതിന്റെ സമയോചിതമായ ഇടപെടൽ മൂലം കോളനി നിവാസികളുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. ഇത്തരത്തിൽ സർക്കാർ ആനുകൂല്യങ്ങൾ കിട്ടാൻ കാലതാമസം നേരിട്ടാലും മറ്റു തർക്കങ്ങൾ രമ്യമായി പരിഹരിക്കാനും ജില്ലാ നിയമ സേവന അതോറിറ്റിയെയും താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റികളെയും സമീപിക്കാമെന്ന് അദ്ദേഹം അറിയിച്ചു. ജില്ലാ നിയമ സേവന അതോറിറ്റി തൃശ്ശൂർ. ഫോൺ: 0487 2363 770


0 Comments