പട്ടിക്കാട്. കൊടും വേനലിൽ ദാഹിച്ചു വലഞ്ഞു വരുന്നവർക്ക് ഇനി സൗജന്യമായി സംഭാരം കുടിച്ച് ദാഹമകറ്റാം. അതിനായി പാണഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ തണ്ണീർപ്പന്തൽ ഒരുക്കിയിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ തണ്ണീർപ്പന്തൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്റെ മനസ്സിലുദിച്ച ആശയമാണ് സൗജന്യ സംഭാര വിതരണം. ഉടൻ തന്നെ അതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇപ്പോഴത്തെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് തണ്ണീർ പന്തൽ എന്നും പ്രസിഡന്റ് പറഞ്ഞു.
വ്യാപാരി സമൂഹത്തിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യത്തെ അഞ്ചു ദിവസം തണ്ണീർപ്പന്തലിന്റെ പ്രവർത്തനത്തിന് വേണ്ട ചെലവുകൾ വഹിക്കുക വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റാണ്. തുടർന്ന് മറ്റ് വ്യാപാരികളും ജനങ്ങളും പ്രവർത്തനങ്ങളുമായി സഹകരിക്കും. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ , പ്രതിപക്ഷ നേതാവ് ബാബു തോമസ്, വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ബാബു കൊള്ളന്നൂർ, സെക്രട്ടറി തോമസ് സാമുവേൽ, വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരി സംഘടന നേതാക്കൾ, പൊതുജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


0 Comments