പട്ടിക്കാട്. സംസ്ഥാന സർക്കാർ തൃശൂർ ജില്ലയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഇൻഡസ്ട്രിയൽ പാർക്ക് പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന് അനുവദിക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനവും മുടിക്കോട് ബ്രാഞ്ച് മന്ദിരത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന പാണഞ്ചേരി സഹകരണ ബാങ്കിനുള്ള സംസ്ഥാന സർക്കാരിന്റെ സമ്മാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർക്കിന് അനുമതിക്കായി നിലവിലുള്ള ആറ് ഏക്കറിന് പുറമേ 4 ഏക്കർ ഭൂമി കൂടി കണ്ടെത്തണമെന്നും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനായി മൂന്നു കോടി രൂപ ഇൻസെന്റീവ് ആയി നൽകുമെന്നും മന്ത്രി അറിയിച്ചു. പ്രസിഡന്റ് വിൽസൻ ചെമ്പനാൽ നേതൃത്വം നൽകുന്ന ഭരണസമിതിയുടെ പ്രവർത്തന മികവാണ് പാണഞ്ചേരി സഹകരണ ബാങ്കിന്റെ സമഗ്ര പുരോഗതിക്ക് കാരണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം പി.എസ് വിനയൻ സ്വയം സഹായ സംഘങ്ങളെ ആദരിച്ചു. സിപിഐഎം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ് പ്രദീപ്കുമാർ ബാങ്ക് പുറത്തിറക്കുന്ന എടിഎം കാർഡിന്റെ പ്രകാശനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസിന ഷാജു കർഷക ഗ്രൂപ്പുകളെ ആദരിച്ചു.
സാവിത്രി സദാനന്ദൻ, ഭാസ്‌കരൻ ആദം കാവിൽ, ബാങ്ക് പ്രസിഡന്റ് വിൽസൻ ചെമ്പനാൽ, സി.എം ദാമോദരൻ, കെ.വി ചന്ദ്രൻ, എം.ആർ ചന്ദ്രശേഖരൻ മാസ്റ്റർ, കെ.പി ചാക്കോച്ചൻ, മാത്യു നൈനാൻ, എം ബാലകൃഷ്ണൻ, രാജു പാറപ്പുറം, സനിൽ വാണിയംപാറ, വി.ജി കണ്ണൻ, എം.പി സാബു, ആരിഫ റാഫി, ഷൈലജ വിജയകുമാർ, സെക്രട്ടറി ഇൻ ചാർജ് എ.വി ജോജു തുടങ്ങിയവർ പ്രസംഗിച്ചു.


0 Comments