പട്ടിക്കാട്. നാല് ദിവസമായി പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നുവന്നിരുന്ന സ്റ്റുഡൻസ് പോലീസ് കേഡറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മർ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ മേഖലയിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതിയിലും രാജ്യത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കേരളമാണെന്നും അതിൽ വിദ്യാഭ്യാസ അനുബന്ധ പദ്ധതികളിൽ മികവ് തെളിയിച്ച രാജ്യത്തെ 6 ജില്ലകളിൽ ഒന്നാണ് തൃശ്ശൂർ ജില്ല എന്നും കെ.വി. സജു പറഞ്ഞു. ഐ ആം ദി സൊലൂഷൻ' എന്നതായിരുന്നു ക്യാമ്പിന്റെ ആപ്തവാക്യം. ഏപ്രിൽ 24 മുതൽ 27 വരെയാണ് ക്യാമ്പ് നടന്നത്.
ജെയ്‌സൺ സാമുവൽ അധ്യക്ഷത വഹിച്ച സമാപന ചടങ്ങിൽ എസ്എസ്ജി ചെയർമാൻ പി.വി. സുദേവൻ, എസ്പി സി ഗാർഡിയൻ പ്രസിഡന്റ് ബിനോയ്, പ്രിൻസിപ്പൽ എസ്. സിന്ധുഷ തുടങ്ങിയവർ പ്രസംഗിച്ചു.
സേവ് ഫുഡ് ആന്റ് എനർജി, സേവ് അവർ റിസോഴ്‌സസ് സേവ് ഗ്രീൻ, സ്മാർട്ട് സ്‌പെൻസിംഗ്, സേഫ് എനർജി: ബിൽഡിംഗ് എ ബെറ്റർ ഫ്യൂച്ചർ, ബ്രേക്കിംഗ് ദ സൈലൻസ് സേവിംഗ് ലൈവ്‌സ്: ബി വോക്കൽ, ഐ ആം സ്‌ട്രോംഗ് മെന്റലി ആന്റ് ഫിസിക്കലി എന്നിവയായിരുന്നു ക്യാമ്പിലെ മറ്റു തീമുകൾ. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ പി.ജി ഹരീഷ്, സീമ സി.ആർ തുടങ്ങിവർ ക്യാമ്പിന് നേതൃത്വം നൽകി. സീനിയർ ജൂനിയർ വിഭാഗങ്ങളിലായി 88 കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുത്തത്.


0 Comments