പട്ടിക്കാട് സെന്ററിലെ അപകടക്കെണി: പരിഹാരം കാണാതെ പഞ്ചായത്ത് അധികൃതർ


പട്ടിക്കാട്. ബസാർ റോഡിനോട് ചേർന്നുള്ള പട്ടിക്കാട് സെന്ററിലെ അപകടക്കെണിക്ക് പരിഹാരം കാണാതെ പഞ്ചായത്ത് അധികൃതർ. മാസങ്ങളായി ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നുവന്നിട്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് വിലകൽപ്പിക്കാതെയുള്ള നിലപാടാണ് പഞ്ചായത്ത് സ്വീകരിക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. ദേശീയപതായിൽ നിന്നും ബസാർ റോഡിലേയ്ക്ക് ലിങ്ക് റോഡ് വന്ന് ചേരുന്ന ഭാഗത്താണ് കാനയ്ക്ക് മുകളിൽ സ്ലാബ് ഇടാതെ അപകടക്കെണി ഒരുക്കി വെച്ചിരിക്കുന്നത്. ലിങ്ക് റോഡിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഇരുവശവും കാനകൾ നിർമ്മിച്ച് സ്ലാബ് ഇട്ടെങ്കിലും ബസാർ റോഡ് ബസ് സ്‌റ്റോപ്പിനോട് ചേർന്നുള്ള ചെറിയ ഒരു ഭാഗം മാത്രം സ്ലാബിടാതെ ഒഴിച്ചിട്ടിരിക്കുകയാണ്. നിരവധി യാത്രക്കാർ ദിനംപ്രതി സഞ്ചരിക്കുന്ന പാതയിൽ ഇത്തരത്തിൽ സ്ലാബിടാതെ ഒഴിവാക്കി ഇട്ടത് നിരവധി പേർ അപകടത്തിൽപ്പെടുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്. എന്നാൽ അധികൃതർ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ്. ബസ് കയറാൻ ഓടിയെത്തുന്നവരും ബസ് ഇറങ്ങി സമീപത്തെ വ്യാപാര സ്ഥാപനങ്ങിലേയ്ക്കും ഓട്ടോ സ്റ്റാന്റിലേയ്ക്ക് പോകുന്നവരും ഇവിടെ അപകടത്തിൽ പെടുന്നത് സ്ഥിരം കാഴ്ചയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി എത്രയും വേഗം ഇതിനൊരു പരിഹാരം കാണണമെന്ന് പ്രദേശത്തെ വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെട്ടു.



Post a Comment

0 Comments