കണ്ണാറ. വെറ്റിലപ്പാറ ഒരപ്പൻകെട്ട് റോഡ് തകർന്ന് തരിപ്പണമായി സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി. വിനോദസഞ്ചാരികളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി ആളുകൾ ദിവസേന യാത്രചെയ്യുന്ന റോഡ് കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ്. ടാറിങ് പൂർണ്ണമായും തകർന്ന് മെറ്റൽ ഇളകിയ നിലയിലാണ് റോഡിന്റെ നിലവിലെ അവസ്ഥ. കോൺക്രീറ്റിങ് നടത്തിയ ഭാഗം പൂർണ്ണമായും തകർന്ന് കമ്പികൾ അപകടകരമായ നിലയിൽ റോഡിൽ ഉയർന്ന് നിൽക്കുന്നുണ്ട്. നിരവധി സ്‌കൂൾ വിദ്യാർത്ഥികൾ നടന്നു പോകുന്ന റോഡിലെ ഇത്തരം കെണികൾ വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി. റോഡിന്റെ അവസ്ഥ ഇത്രയും ശോചനീയമായിട്ടും റീടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
വെറ്റിലപ്പാറ ഒരപ്പൻകെട്ട് റോഡിന് നാല് ലക്ഷം രൂപ അനുമതിയായിട്ടുള്ളതായി 2022 ജൂൺ മാസത്തിൽ വാർഡ് മെമ്പർ രേഷ്മ സജീഷ് അറിയിച്ചിരുന്നു. എ.എസ് നടപടികൾ പൂർത്തിയായിട്ടുള്ളതായും മറ്റ് തുടർ നടപടികൾ എത്രയും വേഗം പൂർത്തീകരിച്ച് റീടാറിങ് ആരംഭിക്കാനാകും എന്നുമാണ് മെമ്പർ അറിയിച്ചത്. എന്നാൽ കഴിഞ്ഞ ഒൻപത് മാസം പിന്നിട്ടിട്ടും കാര്യങ്ങളിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. നിലവിൽ റോഡിന്റെ നവീകരണത്തിനായി 14 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കരാറുകാർ മടിക്കുന്നതാണ് പണികൾ മുന്നോട്ട് പോകാൻ തടസമെന്നുമാണ് വാർഡ് മെമ്പർ അറിയിച്ചത്.
എന്നാൽ ഒരപ്പൻകെട്ട് ടൂറിസത്തിന്റെ പേരിൽ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുകയും സർക്കാർ ഫണ്ടുകൾ അനുവദിക്കുയും ചെയ്തിട്ടും പ്രദേശവാസികളുടെ യാത്രാ സൗകര്യം പോലും പരിഹരിക്കാൻ പഞ്ചായത്ത് അധികൃതർക്ക് സാധിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. മാർച്ച് മാസത്തിൽ പഞ്ചായത്തിലെ നിരവധി റോഡുകളുടെ അറ്റകുറ്റ പണികൾ നടത്തുകയും റീടാറിങ് പൂർത്തിയാക്കുകയും ചെയ്തിട്ടും വെറ്റിലപ്പാറ ഒരപ്പൻകെട്ട് റോഡ് സഞ്ചാരയോഗ്യമാക്കാത്തത് അധികൃതരുടെ അനാസ്ഥ മാത്രമാണെന്ന് നാട്ടുകാർ പറഞ്ഞു.



0 Comments