പട്ടിക്കാട്. വേനൽചൂടും വരൾച്ചയും വർധിക്കുന്ന സാഹചര്യത്തിൽ പാണഞ്ചേരിയിലെ മുഴുവൻ പൊതുകുളങ്ങളും നവീകരിക്കുകയും സംരക്ഷിക്കുകയും വേണം. വളരെ വിസ്തൃതിയുള്ള പല കുളങ്ങളും ചണ്ടിയും കാടും വളർന്നു കയറിയും ചെളി നിറഞ്ഞും ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. മിക്ക കുളങ്ങളിലെയും വെള്ളം നേരിട്ട് ഉപയോഗിക്കാൻ കഴിയാത്ത നിലയിൽ മലിനീകരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ചെളി നിറഞ്ഞ് ഇവയുടെ ജലസംഭരണശേഷി വളരെയേറെ കുറഞ്ഞിട്ടുണ്ട്. പല ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും കുടിവെള്ള പദ്ധതികളും പൊതു കുളങ്ങളെ ആശ്രയിച്ച് പ്രവർത്തിക്കുന്നുണ്ട്. കടുത്ത വേനലിൽ കുളങ്ങളിലെ ജലനിരപ്പുകൾ വലിയതോതിൽ കുറയുന്നത് കൊണ്ട് ഇവയുടെ പ്രവർത്തനങ്ങൾ താളം തെറ്റും. അതുകൊണ്ട് കുളങ്ങളിലെ ചണ്ടിയും ചെളിയും നീക്കം ചെയ്ത് അവയുടെ ആഴം വർധിപ്പിച്ച് ജലസംഭരണശേഷി ഉയർത്തണം.
ഇതുമൂലം വേനൽക്കാലത്ത് പ്രാദേശികമായി അനുഭവപ്പെടുന്ന ജലക്ഷാമത്തിന് ഒരു അളവോളം പരിഹാരം കാണാൻ കഴിയും. കുളങ്ങളുടെ ജലസംഭരണ ശേഷി വർദ്ധിക്കുന്നതോടെ ചുറ്റുപാടുമുള്ള പ്രദേശങ്ങളുടെ കിണറുകളിലെ ജലനിരപ്പും ഉയരും. മുഴുവൻ കുളങ്ങളും പാർശ്വഭിത്തികൾ കെട്ടി സംരക്ഷിക്കണം. കുറ്റമറ്റ രീതിയിൽ പാർശ്വഭിത്തികളുടെ നിർമ്മാണം നടക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയും വേണം. കാരണം പല കുളങ്ങളുടെയും പാർശ്വഭിത്തികൾ നിർമ്മാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ തകർന്നതിന് പല ഉദാഹരണങ്ങളുമുണ്ട്. നിർമ്മാണശേഷം ബാക്കിവരുന്ന കോൺക്രീറ്റും മണ്ണും മറ്റ് മാലിന്യങ്ങളും അവിടെ നിന്ന് നീക്കം ചെയ്യാതെ കുളത്തിൽ തന്നെ തട്ടിയിട്ട് പോകുന്ന സംഭവങ്ങളും ഉ ണ്ടായിട്ടുണ്ട്. ഈ കാര്യത്തിൽ അധികൃതർ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കും. കുളത്തിൽ വെള്ളം നിറയുമ്പോൾ അപാകതകൾ ആരും ശ്രദ്ധിക്കില്ല എന്ന വിശ്വാസമാണ് ഇതിനൊക്കെ കാരണം. ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് വിനിയോഗിച്ച് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ അപാകതയുണ്ടോ അഴിമതിയുണ്ടോ എന്നൊക്കെ പരിശോധിക്കേണ്ടത് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്തമാണ്.


.jpg)
0 Comments