പട്ടിക്കാട്. നികുതി വർധനവിൽ പ്രതിഷേധിച്ച് പാണഞ്ചേരി പഞ്ചായത്തിലെ യുഡിഎഫ് മെമ്പർമാർ പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു. ഭവന നിർമ്മാണ മേഖലയിൽ ഉൾപ്പെടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വൻ നികുതി വർധനവിനെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധ സമരത്തിലാണ്. പഞ്ചായത്ത് യോഗത്തിന് എത്തിയ ബാബു തോമസ്, കെ.പി ചാക്കോച്ചൻ , സുശീല രാജൻ, സി.എസ് ശ്രീജു, ഷൈജു കുര്യൻ എന്നിവർ നികുതി വർധനവിനെതിരെ പ്രതിഷേധിക്കുകയും വിയോജനക്കുറിപ്പ് എഴുതി യോഗത്തിൽ നിന്ന് ഇറങ്ങി പോരുകയുമായിരുന്നു.
തുടർന്ന് പട്ടിക്കാട് സെന്ററിലേക്ക് പ്രകടമാനമായി എത്തി പ്രതിഷേധയോഗം ചേർന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് യോഗം ഉദ്ഘാടനം ചെയ്തു. സമസ്ത മേഖലകളിലും നികുതി പതിന്മടങ്ങ് വർധിപ്പിച്ച സംസ്ഥാന സർക്കാർ സാധാരണക്കാരനെ ജീവിക്കാൻ അനുവദിക്കാത്ത വിധം ദ്രോഹിക്കുകയാണ് എന്ന് അഭിലാഷ് പറഞ്ഞു. വീട് നിർമ്മാണത്തിന് വേണ്ട അപേക്ഷയുടെയും പെർമിറ്റിന് നൽകുന്ന ഫീസിലും ഭീകരമായി വർധനവ് വരുത്തി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അഭിലാഷ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, ഷിബു പോൾ, ടി.വി ജോൺ, എ.സി മത്തായി, കെ.ബി. ലിബീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
പഞ്ചായത്ത് യോഗത്തിൽ പങ്കെടുത്ത ബിജെപി അംഗങ്ങളും നികുതി വർധനക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചു.

0 Comments