പീച്ചി. കാർഷിക മേഖലയിൽ പുതിയ സംരംഭങ്ങൾക്കായി പുതിയ മിഷൻ ഉടൻ ആരംഭിക്കുമെന്നും കൃഷിയിൽ നിന്നും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ പുതിയ മിഷൻ സഹായകമാകുമെന്നും വ്യവസായ വികസന വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് സംരംഭമായ പീച്ചി അഗ്രി ഇൻഡസ്ട്രിയൽ പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സർവ്വകലാശാലകളുമായി ചേർന്ന് വ്യവസായ പാർക്കുകൾ ആരംഭിക്കുമെന്നും സഹകരണ ബാങ്കുകൾ ലാഭത്തിനപ്പുറം അതത് മേഖലയിലെ മനുഷ്യരുടെ ജീവിതസാഹചര്യങ്ങൾ എത്രത്തോളം മെച്ചപ്പെടുത്താനാകും എന്നുകൂടി ചിന്തിക്കേണ്ടതുണ്ടെന്നും മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു.
വെയ്സ്റ്റ് ടു വെൽത്ത് അഥവാ മാലിന്യസംസ്‌കരണം വഴി സമ്പത്ത് എന്ന ആശയത്തിലൂന്നിയ സംരംഭങ്ങളിലാണ് ഭാവിയെന്ന് ജൈവവള പ്ലാന്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു.
പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിൽസൺ ചെമ്പനാൽ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി എ.വി. ജോജു പദ്ധതി അവതരണം നടത്തി. സാങ്കേതിക സഹായം നൽകിയവർക്കുള്ള ഉപഹാരസമർപ്പണം മുൻ എംഎൽഎ രാജാജി മാത്യു തോമസ് നിർവഹിച്ചു. മികച്ച കർഷകരെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവിയും തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂണിറ്റുകളെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. രവീന്ദ്രനും ആദരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, കേരള കാർഷിക യൂണിവേഴ്‌സിറ്റി എക്സ്റ്റൻഷൻ ഡയറക്ടർ പി. ശ്രീനിവാസൻ, എസ്.എഫ്.എ.സി ഡയറക്ടർ ബീന ലക്ഷ്മൺ, സഹകരണ ജോയിന്റ് രജിസ്ട്രാർ എം. ശബരീദാസൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ സൂസമ്മ ജോർജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ. കെ.എസ്. കൃപകുമാർ, കേരള ബാങ്ക് ജനറൽ മാനേജർ സുമഹർഷൻ, മിൽമ ഡയറക്ടർ ഭാസ്‌കരൻ ആദങ്കാവിൽ, പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് ട്രഷറർ എം പി സാബു, ഡയറക്ടർ ബോർഡ് അംഗം സുബിൻ കുമാർ എന്നിവർ പങ്കെടുത്തു.


0 Comments