പട്ടിക്കാട്. കുതിരാൻ തുരങ്കത്തിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവ് പീച്ചി പോലീസ് പിടികൂടി. ഒഡിഷ സ്വദേശി ഹരിയമുണ്ട (23), കോട്ടയം സ്വദേശികളായ തോമസ് (42), ലിന്റോ (35), കോഴിക്കോട് സ്വദേശി അസറുദ്ദീൻ (22) എന്നിവരാണ് കഞ്ചാവ് കടത്ത് സംഘത്തിൽ ഉണ്ടായിരുന്നത്. തൃശൂർ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ നാലുമണിക്ക് പീച്ചി സ്‌റ്റേഷൻ ഹൗസ് ഓഫീസർ പി.എം രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ഓപ്പറേഷനിലാണ് കുതിരാൻ തുരങ്കത്തിൽ വെച്ച് കഞ്ചാവ് കടത്തുകാരെ വലയിലാക്കിയത്. പാലക്കാട് ഭാഗത്തുനിന്ന് നാലു പേരടങ്ങുന്ന സംഘം കാറിൽ കഞ്ചാവുമായി വരുന്നു എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് ജീപ്പുമായി പോലീസുകാരുടെ ഒരു സംഘം വാണിയംപാറയിൽ വെച്ച് കാർ തടയാൻ ശ്രമിച്ചെങ്കിലും അവർ വെട്ടിച്ച് കടന്നു കളഞ്ഞു. എന്നാൽ അതേ സമയം പോലീസിന്റെ മറ്റൊരു സംഘം ജീപ്പുമായി തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗത്ത് നിലയുറപ്പിച്ചു. വാണിയംപാറയിൽ വെച്ച് പോലീസ് ജീപ്പിനെ വെട്ടിച്ചു കടന്ന കാറിനെ സ്‌റ്റേഷൻ ഹൗസ് ഓഫീസർ പി.എം രതീഷ് ചെയ്‌സു ചെയ്താണ് തുരങ്കത്തിൽ വെച്ച് പ്രതികളെ പിടികൂടിയത്. എഎസ്‌ഐ പ്രിയ, സിപിഒ മാരായ റഷീദ്, ഒ.ബി. സനിൽകുമാർ, തൃശ്ശൂർ സിറ്റി ഡാൻസാഫ് സ്‌ക്വാഡ് ടീം അംഗങ്ങളും എസ്‌ഐ മാരുമായ സുവ്രതകുമാർ, റാഫി , രാകേഷ്, ഗോപാലകൃഷ്ണൻ, എസ്‌സിപിഒ പളനിസ്വാമി, സിപിഒ വിപിൻദാസ്, ശരത്ത്, ഹൈവേ പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്‌ഐ മനോജ്, സിപിഒമാരായ ബിനോജ്, മനോജ്, എസ്‌സിപിഒ വിശാഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

0 Comments