പീച്ചി ഡാം റോഡിൽ അപകടക്കെണി: സ്കൂട്ടർ യാത്രികർ അപകടത്തിൽപ്പെടുന്നു

പട്ടിക്കാട്. പീച്ചി ഡാം റോഡിൽ മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി നിലവിലെ റോഡ് വെട്ടിപ്പൊളിക്കുന്ന സ്ഥലങ്ങൾ സുരക്ഷിതമായി മൂടാത്തത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നതായി നാട്ടുകാർ പറഞ്ഞു. കമ്പനിപ്പടി ബസ്റ്റോപ്പിന് സമീപം റോഡ് വെട്ടിപ്പൊളിച്ച ഭാഗം ബിറ്റുമിൻ മിശ്രിതം കൊണ്ടിട്ട് മൂടിയെങ്കിലും അതിനുമുകളിൽ ടാറിങ് നടത്താത്തതിനാൽ മിശ്രിതം പൂർണമായും ഇളകി റോഡിൽ ചിതറിയത് അപകട കെണിയായി മാറിയിരിക്കുകയാണ്. സ്കൂട്ടർ യാത്രക്കാർ ഇവിടെ അപകടത്തിൽ പെടുന്നതായും പ്രദേശവാസികൾ പറഞ്ഞു. 

സമാനമായ നിലയിൽ എടപ്പലത്തും,  ഓരപ്പൻപാറയിലും അപകടങ്ങൾ പതിയിരിപ്പുണ്ട്. ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇതുവഴി സ്ഥിരമായി യാത്ര ചെയ്യുന്നുണ്ടെങ്കിലും ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ ആരും ഇടപെടുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി. മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത് എങ്കിലും ജനങ്ങളുടെ സുരക്ഷ മുൻനിർത്തി വേണം ഇത്തരം പ്രവർത്തികൾ ചെയ്യേണ്ടത്. 

ഇത്തരം ചെറിയ അശ്രദ്ധകൾ ദേശീയപാത നിർമ്മാണത്തിനിടെ നിരവധി ജീവനുകളാണ് എടുത്തത്. അത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുത് എന്നതാണ് ജനങ്ങളുടെ ആവശ്യം.



Post a Comment

0 Comments