പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയോരത്ത് പാണഞ്ചേരിയിൽ സാമൂഹ്യവിരുദ്ധർ വൻതോതിൽ കക്കൂസ് മാലിന്യം തള്ളി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ദേശീയപാത സർവീസ് റോഡിൽ പാണഞ്ചേരിക്കും ചെമ്പൂത്രയ്ക്കും ഇടയിലാണ് മാലിന്യം തള്ളിയിട്ടുള്ളത്. മൂന്നോ നാലോ ലോഡ് കക്കൂസ് മാലിന്യം ഇവിടെ തള്ളിയിട്ടുള്ളതായാണ് നാട്ടുകാർ കണക്കാക്കുന്നത്. മാലിന്യം മുഴുവൻ കല്ലുപാലം തോട്ടിലേക്കാണ് ഒഴുകിയെത്തിയിട്ടുള്ളത്. ഈ തോട് കല്ലായിചിറ വഴി ഒഴുകി എത്തുന്നത് മണലിപ്പുഴയിലേക്കാണ്. പാണഞ്ചേരി ഉൾപ്പെടെ വിവിധ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതികൾ സ്ഥിതി ചെയ്യുന്നത് മണലിപ്പുഴയോരത്താണ്. അതുകൊണ്ടുതന്നെ ഇന്നലെ രാത്രി വൻതോതിൽ കക്കൂസ് മാലിന്യം തള്ളിയത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന ഭയത്തിലാണ് നാട്ടുകാർ.
പ്രദേശത്ത് സാമൂഹ്യവിരുദ്ധർ മറ്റു മാലിന്യങ്ങൾ തള്ളുന്നതിനെതിരെ നിരവധി പരാതികൾ ഉയർന്നു വരികയും പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്ന് ആവശ്യം പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ അധികൃതരെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ ഇതുവരെ പഞ്ചായത്തോ ദേശീയപാത അധികൃതരോ നടപടികൾ ഒന്നും എടുത്തിട്ടില്ല.
ദേശീയപാതയിലും സർവീസ് റോഡിലും തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതാണ് സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നതിന് ഈ മേഖല തെരഞ്ഞെടുക്കുന്നതിന് പ്രധാന കാരണം. അധികൃതർ എത്രയും വേഗം ഇടപെട്ട് ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്ന് വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പീച്ചി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.


0 Comments