പട്ടിക്കാട്. മഴക്കാലം അടുത്തെത്താറായിരിക്കെ പാണഞ്ചേരി പഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന ആവശ്യം ഉയരുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചാലുകളിലെ പുല്ലും കാടും വെട്ടി നീക്കിയതുകൊണ്ടു മാത്രം മഴക്കാലത്തെ പ്രതിസന്ധികളെ മറികടക്കാൻ കഴിഞ്ഞേക്കില്ലെന്ന് നാട്ടുകാർ പറയുന്നു. എത്ര ശക്തമായ മഴ പെയ്താലും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിന് നിരവധി കൈത്തോടുകളും നീർച്ചാലുകളുമെല്ലാം നാട്ടിലുണ്ടായിരുന്നു. എന്നാൽ അവയിൽ ഭൂരിഭാഗവും ഇന്ന് നിലവിലില്ല. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായും കയ്യേറ്റങ്ങൾ കൊണ്ടും അവ പലതും അപ്രത്യക്ഷമായി.
ദേശീയപാതയുടെ പണികൾ തുടങ്ങിയ കാലം മുതൽ പതിവായി വെള്ളക്കെട്ടിലാണ് പാണഞ്ചേരി, ചെമ്പൂത്ര തുടങ്ങിയ പ്രദേശങ്ങളിലെ ഒട്ടേറെ കുടുംബങ്ങൾ. ദേശീയപാതയോരത്തുകൂടി ഒഴുകുന്ന കല്ലുപാലം തോട് പലയിടത്തും നികത്തിയതും തോടിന്റെ വീതിയും ആഴവും കുറഞ്ഞതുമാണ് ഇതിനു കാരണം. കെട്ടിടാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നതും തോടിനെ നശിപ്പിക്കുകയാണ്. മഴക്കാലം തുടങ്ങുന്നതിനു മുമ്പു തന്നെ ഈ തോട് വൃത്തിയാക്കി വെള്ളം തടസ്സം കൂടാതെ ഒഴുകാനുള്ള വഴിയൊരുക്കണം. മഴക്കാലത്ത് വെള്ളക്കെട്ടിന് ഇട വരുത്താത്ത തരത്തിൽ വെള്ളം ഒഴുകി പോകാൻ സൗകര്യം ഉറപ്പു വരുത്തുമെങ്കിൽ മാത്രമേ ഭൂമി നികത്താൻ അനുമതി നൽകാവൂ എന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.

0 Comments