പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ ഒരപ്പൻകെട്ട് അപകട മേഖലയായി മാറുകയാണ്. വിലപ്പെട്ട മനുഷ്യ ജീവനുകൾ നഷ്ടമായിട്ടും സന്ദർശകരുടെ സുരക്ഷ ഉറപ്പു വരുത്താൻ വേണ്ട നടപടികളൊന്നും ഇതുവരെയും നടപ്പാക്കിയിട്ടില്ല എന്ന ആരോപണവും ഇതോടൊപ്പം ഉയരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ രണ്ട് ജീവനുകളാണ് ഇവിടെ നഷ്ടമായത്. കഴിഞ്ഞ മെയ് ഒന്നിന് കൊല്ലങ്കോട് സ്വദേശിയായ കെ.ആർ രോഹിത്തും (20) സുഹൃത്ത് അമിലും കയത്തിൽ അപകടത്തിൽ പെട്ടു. വിവരമറിഞ്ഞ് ഓടിയെത്തിയ സമീപവാസിയായ കരിപ്പാറ വീട്ടിൽ ത്രിമൂൺ കയത്തിലിറങ്ങി ഇവരെ പുറത്തെടുത്തുവെങ്കിലും രോഹിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. കേവലം14 മാസങ്ങൾക്കു മുമ്പ് 2021 ഡിസംബർ 31ന് കുടുംബസമേതം ഒരപ്പൻ കെട്ട് സന്ദർശിക്കാൻ എത്തിയ മണ്ണുത്തി പുറത്തൂർ പള്ളിക്കുന്ന് ഷാജുവിന്റെ മകൾ ഡാരിസ് (16) കയത്തിൽ വീണ് മരിച്ചു. സഹോദരൻ റയാനും വീണെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നു.
ഒരു ആവേശത്തിൽ കയത്തിലേക്ക് എടുത്തുചാടുന്നവർ അതിൽ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് അറിയുന്നില്ല. കണ്ടാൽ ശാന്തമെന്ന് തോന്നുന്ന ഈ കയത്തിന് അധികം ആഴമുണ്ടാകില്ല എന്ന് കരുതിയാണ് നീന്തൽ വശമില്ലാത്തവർ പോലും വെള്ളത്തിൽ ഇറങ്ങുന്നത്. വേനൽക്കാലത്തുപോലും ഇവിടെ 10 അടിയിലേറെ ആഴമുണ്ട്. മാത്രമല്ല ചുറ്റുമുള്ള പാറകളിൽ വഴുക്കലുമുണ്ട്. ഇതുപോലെ നിരവധി പേർ ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്. പ്രദേശവാസികളുടെ സമയോചിതമായ രക്ഷാപ്രവർത്തനം കൊണ്ടാണ് പലർക്കും ജീവൻ തിരിച്ചുകിട്ടിയത്.
അധികൃതർ വളരെ ഗൗരവത്തോടെ കാണേണ്ട കാര്യമാണ് ഇത്. ഇത്രയും അപകടങ്ങളും മരണങ്ങളും ഉണ്ടായിട്ടും മതിയായ സുരക്ഷാ മുന്നറിയിപ്പ് നൽകാത്തത് അവിശ്വസനീയമാണ്. എന്താണ് അധികൃതർ കാര്യങ്ങളെ ഇത്രയും ലാഘവത്തോടെ കാണുന്നതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.


0 Comments