തമ്പുരാട്ടിപ്പടി സർവീസ് റോഡ് നിർമ്മാണം പൂർത്തീകരിച്ചില്ല; ദുർഘടമായി ഗതാഗതം


പട്ടിക്കാട്. ദേശീയപാതയിൽ തമ്പുരാട്ടിപ്പടി സർവീസ് റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിൽ കരാർ കമ്പനി തുടരുന്ന അലംഭാവം മൂലം ഈ ഭാഗത്ത് ദേശീയപാതയിലൂടെയുള്ള ഗതാഗതം ദുർഘടവും അപകടകരവും ആയിരിക്കുകയാണ്. 

വനം വകുപ്പിൽ നിന്ന് ആവശ്യമായ ഭൂമി വിട്ടു കിട്ടാത്തതാണ് നിർമ്മാണം വൈകുന്നതിന് കാരണമെന്നാണ് കരാർ കമ്പനി മുമ്പ് നൽകിയിരുന്ന വിശദീകരണം. എന്നാൽ ഭൂമി വിട്ടു കിട്ടിയിട്ടും 80 മീറ്റർ നീളവും 30 അടി ഉയരവുമുള്ള പാറക്കെട്ട് പൊട്ടിച്ചു നീക്കി കാലങ്ങൾ ഏറെയായിട്ടും സർവീസ് റോഡിന്റെ പണികൾ പിന്നീട് നടത്തിയില്ല.  ഒന്നര മീറ്റർ വീതിയിൽ ഒരു താൽക്കാലിക സർവീസ് റോഡ് ഉണ്ടായിരുന്നത് ഗർഡറുകൾ വെച്ച് അടച്ചിരിക്കുകയുമാണ്. 

ഈ ഭാഗത്ത് അഞ്ചു മീറ്റർ വീതിയിൽ സാധാരണ രീതിയിലുള്ള സർവീസ് റോഡ് വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വലിയ സമരങ്ങൾ നടത്തിയിരുന്നു. ഒടുവിൽ ജനങ്ങളുടെ ആവശ്യം അംഗീകരിച്ച ഹൈവേ അതോറിറ്റി ഒരു വർഷം മുമ്പാണ് വന ഭൂമി വിട്ടുകിട്ടാൻ അപേക്ഷ നൽകിയത്. നിർദ്ദിഷ്ട രീതിയിൽ മണ്ണുനീക്കലും പാറ പൊട്ടിക്കലുമെല്ലാം നടത്തിയിട്ടും സർവീസ് റോഡിന്റെ നിർമ്മാണം മാത്രം പൂർത്തീകരിച്ചില്ല. ഇതോടെ തെക്കും പാടം, താണിപ്പാടം, പ്രദേശത്തെ ജനങ്ങൾ കൊടിയ യാത്രാദുരിതത്തിലായി. 

പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും ഇക്കാര്യത്തിൽ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്ന് ജനങ്ങൾക്ക് ആക്ഷേപമുണ്ട്. തമ്പുരാട്ടിപ്പടി ഭാഗത്ത് റോഡിന്റെ പണികൾ പൂർത്തിയാക്കാതെ ഇട്ടിരിക്കുന്നത് വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.



Post a Comment

0 Comments