ദേശീയപാതയിൽ അപകടക്കെണികൾ: കാണാൻ ക്യാമറയില്ല


പട്ടിക്കാട്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പ് റോഡുകളിൽ എഐ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ദേശീയപാതയിലെ അപകടക്കെണികൾ കാണാൻ ക്യാമറയുമില്ല വെളിച്ചവുമില്ല എന്ന സ്ഥിതിയാണ്. ഇക്കാര്യത്തിൽ ഹൈവേ അതോറിറ്റിയുടെ അനാസ്ഥ തുടരുക തന്നെയാണ്. മുടിക്കോട് സെന്ററിന് സമീപം ശിവക്ഷേത്രത്തിന് മുന്നിലായി ദേശീയപാതയുടെ മീഡിയനിൽ സർവീസ് റോഡിനോട് ചേർന്ന് എട്ടടിയിലേറെ ആഴമുള്ള വലിയ കുഴിയുണ്ട്. ഇതുവരെയും അതിനു മുകളിൽ ഒരു കവറിങ് സ്ലാബ് ഇടാൻ കരാർ കമ്പനി തയ്യാറായിട്ടില്ല. ദേശീയപാതയ്ക്ക് അടിയിലൂടെ കടന്നുപോകുന്ന കാനയുടെ മാൻഹോളാണ് ഇങ്ങനെ തുറന്നു കിടക്കുന്നത്. ആരെങ്കിലും കുഴിയിൽ വീണ് അപകടപ്പെടുമ്പോൾ മാത്രമാണ് സ്ലാബിന്റെ കാര്യം ഹൈവേ അതോറിറ്റി പരിഗണിക്കൂ എന്നതാണ് പതിവ് രീതി. 

എട്ടടിയിലേറെ ആഴവും ആറടിയോളം നീളവും രണ്ടടിയിലേറെ വീതിയും ഉള്ള  ഒരു കുഴി അവിടെ ഉണ്ടെന്നുള്ള കാര്യം തൊട്ടടുത്ത് എത്തുമ്പോൾ മാത്രമേ അറിയൂ. സർവീസ് റോഡിനോട് ചേർന്ന് ആയതിനാൽ വാഹനങ്ങൾ മാത്രമല്ല കാൽനടക്കാരും കുഴിയിൽ വീഴാനുള്ള സാധ്യത കൂടുതലാണ്. അപകട സൂചന നൽകുന്ന മുന്നറിയിപ്പുകൾ ഒന്നും ഇവിടെ ഇല്ല. ഇവിടെനിന്ന് ഏകദേശം നാല് കിലോമീറ്ററോളം ദൂരെ ഗതാഗത വകുപ്പിന്റെ എഐ ക്യാമറകൾ കണ്ണ് തുറന്നിരിപ്പുണ്ടെങ്കിലും ഈ അനാസ്ഥകളൊന്നും കാണാനുള്ള ക്യാമറകൾ അധികൃതരുടെ പക്കൽ ഉണ്ടാവില്ലെന്ന് നാട്ടുകാർ പരിഹസിച്ചു. 

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ക്യാമറകൾ സ്ഥാപിക്കുന്നതിനോടൊപ്പം ഹൈവേയിലെ കുറ്റകൃത്യങ്ങൾ കണ്ടെത്താനും അപകടങ്ങൾ കണ്ടെത്താനും സഹായിക്കുന്ന ക്യാമറകൾ കൂടി സ്ഥാപിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.



Post a Comment

0 Comments