പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു


പട്ടിക്കാട്. 
'ഒപ്പമുണ്ട് ഉറപ്പാണ്' എന്ന ആപ്തവാക്യം മുൻനിർത്തി തദ്ദേശസ്വയംഭരണ വകുപ്പ് നേതൃത്വം നൽകുന്ന പുതിയ പദ്ധതിയായ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലും പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ നിർവഹിച്ചു. പൊതുജനങ്ങൾക്ക് വേണ്ട എല്ലാ വിവരങ്ങളും നൽകുവാനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് ഗ്രാമപഞ്ചായത്തുകൾക്ക് ഉള്ളത് എന്നും ഫെസിലിറ്റേഷൻ സെന്ററിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർക്ക് ഒരു വിജ്ഞാന കോശത്തിന്റെ അറിവ് അത്യാവശ്യമാണെന്നും പ്രസിഡന്റ് പി.പി. രവീന്ദ്രൻ പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ അധ്യക്ഷത വഹിച്ചു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ, വിവിധ വകുപ്പുകൾ, ഏജൻസികൾ, സർവകലാശാലകൾ, ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവ മുഖേന ലഭിക്കുന്ന എല്ലാ സേവനങ്ങളുടെയും വിവരങ്ങൾ ഈ കേന്ദ്രത്തിൽ നിന്നും ലഭ്യമാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ പെടാത്ത കാര്യങ്ങൾ ആണെങ്കിൽ പോലും പൊതുജനം പഞ്ചായത്തിനെ സമീപിച്ചാൽ അത് നടത്തിക്കൊടുക്കുവാനുള്ള കൃത്യവും വ്യക്തവുമായ മാർഗ്ഗനിർദ്ദേശങ്ങൾ ഫെസിലിറ്റേഷൻ സെന്റർ വഴി നൽകണമെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നിർദ്ദേശം. നിലവിൽ പഞ്ചായത്തിലെ ടെക്‌നിക്കൽ അസിസ്റ്റന്റിനെ വെച്ചുകൊണ്ടാണ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനമാരംഭിക്കുക. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി. അനിത, സുബൈദ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. രമേഷ്, പഞ്ചായത്ത് സെക്രട്ടറി പി.ആർ. ജോൺ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പരിപാടികൾ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments