പ്രശസ്ത സിനിമാനിർമ്മാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു


കണ്ണാറ. മലയാളത്തിന് ചിത്രം, വന്ദനം തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച പ്രശസ്ത നിർമ്മാതാവ് പി.കെ ആർ പിള്ള (പരിശപ്പറമ്പിൽ കുഞ്ഞൻപിള്ള രാമചന്ദ്രൻ പിള്ള - 92) അന്തരിച്ചു. ഇന്ന് രാവിലെ കണ്ണാറ മണ്ടൻ ചിറയിലുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി വാർദ്ധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്. രമയാണ് ഭാര്യ. മക്കൾ രാജേഷ്, പ്രീതി, സോനു, പരേതനായ സിദ്ധു. കൂത്താട്ടുകുളം സ്വദേശിയായ പി.കെ.ആർ പിള്ള ബോംബെയിൽ വെച്ചാണ് ബിസിനസ് മേഖലയിലേക്ക് കടന്നത്. തുടർന്ന് 1980കളിൽ മലയാള സിനിമാ നിർമാണ മേഖലയിൽ സജീവ സാന്നിധ്യമായി.  സായിബാബയോടുള്ള കടുത്ത ഭക്തിയും ആരാധനയുമുണ്ടായിരുന്ന അദ്ദേഹം  ഷിർദ്ദിസായി പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി ആരംഭിച്ചു.  1984ൽ വെപ്രാളം എന്ന സിനിമയുടെ നിർമ്മാണത്തോടെയാണ് സിനിമാ നിർമ്മാണ മേഖലയിലേക്ക് അദ്ദേഹം ചുവടുവെച്ചത്. 


തുടർന്ന് അമൃതംഗമയ, ചിത്രം, വന്ദനം, അർഹത , കിഴക്കുണരുംപക്ഷി തുടങ്ങി മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിക്കുകയും നിരവധി ചിത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 22ഓളം ചിത്രങ്ങൾ നിർമ്മിച്ചു. 2002ൽ നിർമ്മിച്ച പ്രണയമണിത്തൂവൽ ആയിരുന്നു  അവസാന ചിത്രം. 2006ലെ അച്ഛൻ ഉറങ്ങാത്ത വീട് എന്ന സിനിമയാണ്  അവസാനം വിതരണം  ചെയ്തത്. 




Post a Comment

0 Comments