പട്ടിക്കാട്. ദേശീയപാതയോരത്ത് പാണഞ്ചേരിയിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയ സ്ഥലത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ക്ലോറിനേഷൻ നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ കെ കുമാർ, വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ, പൊതുപ്രവർത്തകൻ അജയൻ മേലുവീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി. ഞായറാഴ്ച രാത്രിയാണ് പ്രദേശത്ത് മാലിന്യം തള്ളിയത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും വാർഡ് മെമ്പറും ചേർന്ന് വിവരം ആരോഗ്യവകുപ്പിനെ അറിയിക്കുകയും പീച്ചി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. കല്ലുപാലം തോട്ടിലേക്ക് ഒഴുകിയെത്തിയ മാലിന്യങ്ങൾ കല്ലായിച്ചിറ തോട് വഴി മണലിപ്പുഴയിലേയ്ക്കാണ് ചെന്ന് ചേരുന്നത്. പ്രദേശത്ത് തെരുവു വിളക്കുകളും സിസിടിവിയും സ്ഥാപിക്കുകയും ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് നാട്ടുകാരും വാർഡ് മെമ്പറും ആവശ്യപ്പെട്ടു.

0 Comments