പട്ടിക്കാട്. പീച്ചി പോലീസ് ഓഫീസറെ ബൈക്ക് ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച മണ്ണുത്തി സ്വദേശിയായ യുവാവിനെ പീച്ചി പോലീസ് പിടികൂടി. വിൽപ്പനയ്ക്കായി ഹാഷിഷ് ഓയിലുമായി വന്ന മണ്ണുത്തി മുളയം അയ്യപ്പൻകാവ് സ്വദേശിയായ പുല്ലൻ എന്ന് വിളിപ്പേരുള്ള ആനക്കോട്ടിൽ അജിത്ത് (20) നെയാണ് പീച്ചി പോലീസ് സാഹസികമായി പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി പ്രതി ഹാഷിഷ് ഓയിലുമായി വരുന്നുണ്ടെന്നെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിലങ്ങന്നൂർ ചെന്നായപ്പാറ റോഡിൽ കുന്നത്തങ്ങാടി കപ്പേളക്ക് സമീപം യുവാവിനെ കാത്തുനിൽക്കുകയായിരുന്നു. രാത്രി 10 മണിയോടെ സ്ഥലത്ത് എത്തിയ പ്രതിയെ പോലീസുകാർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് വേഗതയിൽ ഇവർക്കുനേരെ ഇടിച്ചു കയറ്റുകയായിരുന്നു. ബൈക്ക് ഇടിച്ചതിനെ തുടർന്ന് സ്റ്റേഷനിലെ സിപിഒ ആയ കിരണിന് പരിക്കേറ്റു. വലതു കാലിലെ മുട്ടിനു മുകളിൽ പരിക്കേറ്റ അദ്ദേഹത്തെ ഉടനെത്തന്നെ ചികിത്സയ്ക്ക് വിധേയനാക്കി.
ഇതിനിടയിൽ സ്റ്റേഷൻ ഹൗസ് ഓഫീസറും സംഘങ്ങളും ചേർന്ന് പ്രതിയെ പിടികൂടി. പാണഞ്ചേരിയിലെ വിവിധ പ്രദേശങ്ങളിൽ വൻതോതിൽ ലഹരിവസ്തുക്കൾ വിൽപ്പനയ്ക്ക് കൊണ്ടുവരുന്ന സംഘങ്ങളിലെ ഒരു കണ്ണിയാണ് അജിത്ത്. പീച്ചി പോലീസിൽ ഒരു കൊലപാതക ശ്രമ കേസിലും, കഞ്ചാവ് ലഹരി വസ്തു വിൽപ്പന കേസുകളിലും ഇയാൾ പ്രതിയായിട്ടുണ്ട്. കൂടാതെ മണ്ണുത്തി, ഒല്ലൂർ, തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലും ഈ 20 വയസ്സുകാരൻ പ്രതിയാണ്. സ്റ്റേഷനിലെ സിപിഒ മാരായ വിഷ്ണു, അഭിജിത്ത്, എന്നിവരാണ് പ്രതിയെ പിടിച്ച സംഘത്തിൽ ഉണ്ടായിരുന്നത്.


0 Comments